10 December Tuesday
ക്ഷേമപെൻഷൻ വെട്ടിപ്പ്‌

കോട്ടക്കലിൽ അനർഹരുടെ എണ്ണം ഇനിയും കൂടും

സ്വന്തം ലേഖകൻUpdated: Saturday Nov 30, 2024

നഗരസഭയിലെ ഏഴാം വാർഡിൽമാത്രം ക്ഷേമ പെൻഷൻ വാങ്ങുന്ന 
42 പേരിൽ 38 പേരും അനർഹരാണെന്ന്‌ തെളിഞ്ഞു 

 

 സ്വന്തം ലേഖകൻ

കോട്ടക്കൽ
ക്ഷേമപെൻഷൻ വിതരണത്തിൽ യുഡിഎഫ്‌ ഭരിക്കുന്ന കോട്ടക്കൽ നഗരസഭയിൽ നടന്നത്‌ വൻ വെട്ടിപ്പ്‌. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഏഴാം വാർഡിൽമാത്രം ക്ഷേമ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹരാണെന്ന്‌ തെളിഞ്ഞു. തുടർച്ചയായി ബിജെപി ജയിക്കുന്ന വാർഡിലാണ്‌ വെട്ടിപ്പ്‌ നടന്നത്‌. ബിജെപി നേതാവ്‌ ഗോപിനാഥൻ കോട്ടുപ്പറമ്പിലാണ്‌ കൗൺസിലർ. 
വാർഡിൽ 63 പേർ അനർഹമായി ക്ഷേമപെൻഷൻ  വാങ്ങുന്നതായി മുമ്പ്‌ പരാതിയുയർന്നിരുന്നു. 56 വാർധക്യ പെൻഷൻ, ആറ്‌ വിധവാ പെൻഷൻ, ഒരു വികലാംഗ പെൻഷൻ എന്നിങ്ങനെയായിരുന്നു. 2021ൽ നടത്തിയ പരിശോധനയിൽ 28 പേരെ ഒഴിവാക്കി. അവശേഷിക്കുന്നവരിൽ 38 പേരും അനർഹരാണെന്നാണ്‌ ഇപ്പോൾ കണ്ടെത്തിയത്‌. ക്രമക്കേട്‌ പുറത്തുവന്നതോടെ ധനകാര്യ വകുപ്പ്‌ വിജിലൻസ്‌ അന്വേഷണത്തിന്‌ ശുപാർശചെയ്‌തിട്ടുണ്ട്‌. ഒരു വാർഡിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിൽ അഴിമതിയും ഗൂഢാലോചനയുമുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌. നഗരസഭയിലെ മുഴുവൻ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അർഹത സംബന്ധിച്ച പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. 
പെൻഷൻ വാങ്ങുന്നവരിൽ ഭൂരിഭാഗം പേരുടെയും വീടിന്‌ 2000 ചതുരശ്ര അടിയിൽ കൂടുതൽ  വിസ്‌തീർണമുണ്ട്‌. എയർകണ്ടീഷൻ ഉൾപ്പെടെ സൗകര്യങ്ങളുള്ളവരുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ രണ്ടുപേരും ക്ഷേമ പെൻഷന്‌ അർഹരല്ല. ഇത്തരത്തിലും പെൻഷൻ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്‌. 
അനർഹർ കടന്നുകൂടിയതിൽ ഉദ്യോഗസ്ഥരുടെ പങ്കാണ്‌ പ്രധാനമായും അന്വേഷിക്കുന്നത്‌. ക്ഷേമ പെൻഷന്‌ റവന്യൂ വകുപ്പിലാണ്‌ അപേക്ഷിക്കേണ്ടത്‌. വില്ലേജ്‌ ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റും വേണം. റവന്യൂ ഉദ്യോഗസ്ഥൻ വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തണം. എന്നിട്ടും എങ്ങനെ ഇത്രയും അനർഹർ പട്ടികയിൽ ഇടംപിടിച്ചു എന്നതിൽ ദുരൂഹതയുണ്ട്‌.
 

മുഴുവൻ വാർഡിലും അന്വേഷണം

അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ 32 വാർഡുകളിലും പരിശോധന നടത്തും. 2021 കാലയളവിൽ ധനകാര്യ കമീഷൻ അന്വേഷണത്തിൽ നഗരസഭ ഏഴാം വാർഡിൽ അനർഹർ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് നഗരസഭക്ക്‌ ലഭിച്ചിട്ടില്ല.
ഡോ. കെ ഹനീഷ (കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ) 
 

കർശന നടപടി വേണം

നഗരസഭയിലെ സാമൂഹ്യക്ഷേമ പെൻഷൻ ക്രമക്കേടിൽ സമഗ്രാന്വേഷണം വേണം. വിഷയം അതീവ ഗൗരവമുള്ളതാണ്. നഗരസഭയിലെ ഏഴാം വാർഡിൽ വ്യാപകമായി അനർഹർ സാമൂഹ്യക്ഷേമ പെൻഷൻ ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ട്‌. അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം.
ടി കബീർ (എൽഡിഎഫ് പാർലമെ​ന്ററി പാർടി നേതാവ് )
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top