25 January Saturday

‘ക്ലാസാ’കും ക്ലാസ്‌മുറികൾ

രാഹുൽ രാജ്‌Updated: Saturday Nov 30, 2019
മലപ്പുറം
ജില്ലയിൽ വിദ്യാലയങ്ങൾ കുതിക്കുകയാണ്‌. പഠനം ആധുനികസൗകര്യങ്ങൾക്കൊപ്പം. ഒറ്റപ്പെട്ട സംഭവം എടുത്തുകാട്ടി പൊതുവിദ്യാഭ്യാസത്തെ ട്രോളുന്നവർ കാണണം മുഖംമാറിയ പള്ളിക്കൂടങ്ങളെ. സ്‌കൂളുകളുടെ നിലവാരമുയർത്താൻ എൽഡിഎഫ്‌ സർക്കാർ 445.72 കോടി രൂപ ഇതുവരെ അനുവദിച്ചു.
ജില്ലയിൽ ക്ലാസ്‌മുറികൾ ഹൈടെക് ആക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്‌. 406 സ്‌കൂളുകളിലെ 6889 ക്ലാസ്‌മുറിയാണ്‌ ഉയർത്തുന്നത്‌. 6112 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ള 777 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്‌. ലാപ്‌ടോപ്, പ്രൊജക്ടർ, സ്‌പീക്കർ, ഇന്റർനെറ്റ്‌ സൗകര്യങ്ങളുണ്ട്‌. 
പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൂടുതൽ നേട്ടമുണ്ടായതും മലപ്പുറത്ത്‌. 
സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം നിയോജക മണ്ഡലങ്ങളിൽ എംഎൽഎ നിർദേശിക്കുന്ന ഒരു സ്‌കൂളിന്‌ അടിസ്ഥാന സൗകര്യ വികസനത്തിന്‌ കിഫ്‌ബിവഴി അഞ്ചുകോടിവീതം നൽകി. പൊന്നാനി, തവനൂർ മണ്ഡലങ്ങളിൽ നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനവും കഴിഞ്ഞു. താനൂരിൽ ഉദ്‌ഘാടനത്തിന്‌ സജ്ജമായി. മൂക്കുതല പിസിഎൻജിഎച്ച്‌എസ്‌എസ്‌, പുറത്തൂർ ജിഎച്ച്‌എസ്‌എസ്‌, താനൂർ ദേവധാർ ജിഎച്ച്‌എസ്‌എസ്‌ എന്നീ സ്‌കൂളുകളിലാണ്‌ കെട്ടിടനിർമാണം പൂർത്തിയാക്കിയത്‌. 
ജില്ലയിലെ ആയിരത്തിലധികം കുട്ടികളുള്ള 86 സർക്കാർ സ്‌കൂളുകൾക്ക്‌ മൂന്ന്‌ കോടിവീതമാണ്‌ സഹായം നൽകിയത്‌. അതിൽ മാറഞ്ചേരി ജിഎച്ച്‌എസ്‌എസ്‌, വണ്ടൂർ ജിജിഎച്ച്‌എസ്‌എസ്‌ സ്‌കൂളുകൾ കെട്ടിട നിർമാണം പൂർത്തിയാക്കി. 34 സ്‌കൂളുകളിൽ ടെൻഡർ നടപടികളും പൂർത്തിയാക്കി. 
അഞ്ഞൂറിന്‌ മുകളിൽ കുട്ടികളുള്ള 66 സ്‌കൂളുകളിൽ ഒരുകോടിവീതവും നൽകി. 1300 പ്രൈമറി സ്‌കൂളുകൾക്ക്‌ കുട്ടികളുടെ എണ്ണത്തിന്‌ അനുസരിച്ച്‌ ലാപ്‌ടോപ്‌, പ്രൊജക്ടർ, സ്‌ക്രീൻ, ടിവി, പ്രിന്റർ, ക്യാമറ, വെബ്‌ ക്യാമറ, സ്‌പീക്കർ എന്നിവ നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top