20 October Sunday

വറ്റുന്നില്ലല്ലോ കണ്ണീർപാടം...

ജോബിൻസ‌് ഐസക‌്Updated: Friday Aug 30, 2019

ആലിക്കുട്ടി കൃഷിയിടത്തിൽ

 
അരീക്കോട്‌
നട്ടുനനച്ച്‌ വളർത്തിയ വാഴകൾ നിലംപൊത്തി ചെളിയിൽപൂണ്ട കാഴ്‌ച നെഞ്ചുപൊട്ടിക്കുകയാണ്‌. വെള്ളംകയറി നശിച്ച കായക്കുലകൾ വെട്ടിമാറ്റി നീക്കുമ്പോൾ കക്കടത്തൊടി ആലിക്കുട്ടി പറഞ്ഞു ‘ഒന്നരയാൾ പൊക്കത്തിലാണ്‌ വെള്ളം മൂടിയത്‌, ഒന്നും  ബാക്കിയുണ്ടായില്ല. ’ എഴുപത്തിമൂന്നാം വയസിലും മണ്ണിലെ അത്യധ്വാനം ജീവിതചര്യയാക്കിയ ആ മനുഷ്യൻ തളരുന്നില്ല. ‘ഇനി അടുത്ത തവണ നോക്കാം’.  പ്രായം ചുളിവുവീഴ്‌ത്തിയ ശരീരത്തിന് വിശ്രമം കൊടുക്കാതെ ആ കർഷകനിപ്പോഴും മണ്ണിലിറങ്ങുകയാണ്. 
ഊർങ്ങാട്ടിരി ചെമ്പ്രമൽ പാടം ഇപ്പോഴും ചെളി ഒഴിഞ്ഞിട്ടില്ല. സമീപത്തെ ചെമ്പ്രായി തോട്‌ കരകവിഞ്ഞ്‌ വെള്ളം മൂടുകയായിരുന്നു. കവുങ്ങിൻ പാടത്ത്‌ ഇടകൃഷിയായാണ്‌ വാഴ നട്ടത്. അതും പാട്ടകൃഷി. ആലിക്കുട്ടിക്ക്‌ 70 സെന്റിൽ 300 വാഴയുണ്ടായിരുന്നു. ഒ പി ചന്ദ്രന്‌ 1700ഉം. പടിപ്പൻ ചേക്കുവിന്‌ 700ഉം. പരിയാരത്ത് മുരളി 200ഉം വാഴ കൃഷിചെയ്‌തിരുന്നു. എല്ലാം വെള്ളത്തിലായി. മിക്കവരും പണം കടം വാങ്ങിയാണ്‌ കൃഷിയിറക്കിയത്‌. അതിവൃഷ്‌ടിയും കാടിനുള്ളിലെ തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലും നിറച്ച ചാലിയാർ കരകവിഞ്ഞ്‌ ഏറനാട്ടെ കൃഷിയിടങ്ങൾ വൻ തോതിൽ  നശിച്ചു. 7.5 ലക്ഷം വാഴകൾ വെള്ളംമൂടി.  ജില്ലയിൽമാത്രം 160 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ട്‌. 3042.279419 ഹെക്ടർ കൃഷി  നശിച്ചു. 26,212 കർഷകർക്ക്‌  നഷ്ടം. ഓണവിപണിക്ക് വിളവെടുക്കാനായി തയ്യാറാക്കിയ 18,75,792 വാഴകളാണ് പ്രളയത്തിൽ നശിച്ചത്. 93,95,574 രൂപയുടെ നഷ്ടം. 365.51 ഹെക്ടർ നെൽകൃഷിയും 125.30 ഹെക്ടറിൽ കിഴങ്ങുകൃഷിയും  180.98 ഹെക്ടർ പച്ചക്കറിയും വെള്ളം കയറി നശിച്ചു.
പ്രധാന വാർത്തകൾ
 Top