24 October Thursday
കൊണ്ടോട്ടി നഗരസഭ

ലീഗ്‌ സ്ഥിരംസമിതി ചെയർമാനെതിരെ കോൺഗ്രസ്‌ അംഗമുൾപ്പെടെയുള്ളവരുടെ അവിശ്വാസം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
 
കൊണ്ടോട്ടി
യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ലീഗുകാരനായ വികസന സ്ഥിരം സമിതി ചെയർമാനെതിരെ കോൺഗ്രസ്‌ അംഗമുൾപ്പെടെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. യു കെ മമ്മദീശക്കെതിരെയാണ്‌ കോൺഗ്രസ്  അംഗം പറമ്പാടൻ സൈതലവി, എൽഡിഎഫ്‌ അംഗങ്ങളായ പി അബ്ദുറഹ്മാൻ, അഡ്വ. കെ കെ സമദ്‌, പുലശേരി മുസ്തഫ എന്നിവർ കോഴിക്കോട്‌ നഗരകാര്യ ജോയിന്റ്‌ ഡയറക്ടർ വിനയൻ മുമ്പാകെ അവിശ്വാസപ്രമേയ നോട്ടീസ്‌ നൽകിയത്‌. 15 ദിവസത്തിനകം വോട്ടെടുപ്പ്‌ നടക്കും.
നഗരസഭാ ചെയർപേഴ്സണെപ്പോലും നോക്കുകുത്തിയാക്കിയാണ് ഭരണം. മതേതര വികസന മുന്നണി കൊണ്ടുവന്ന പദ്ധതികളെല്ലാം അട്ടിമറിച്ചു. അഴിമതിയും ധൂർത്തുമാണ് നഗരസഭയിൽ. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളെ  അവഗണിക്കുകയാണ്. വികസന സ്ഥിരം സമിതി ചെയർമാനെ മാറ്റാതെ വികസന മുരടിപ്പ് മാറ്റാൻ കഴിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മതേതര വികസന മുന്നണിയുടെ ഭരണം അട്ടിമറിച്ചാണ് ലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി  അധികാരത്തിലേറിയത്. ഭരണത്തിലേറി മാസങ്ങൾക്കകം ഭരണസമിതിയിൽ അസ്വാരസ്യം തുടങ്ങി. ലീഗിന്റെ വല്ല്യേട്ടൻ മനോഭാവത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധത്തിലായിരുന്നു. കോൺഗ്രസ്–-ലീഗ്‌ അംഗങ്ങൾ നഗരസഭാ കാര്യാലയത്തിന് മുമ്പിൽ തമ്മിൽ തല്ലുന്ന സ്ഥിതിയുമുണ്ടായി.
പ്രധാന വാർത്തകൾ
 Top