18 October Friday

മലയാള സർവകലാശാലക്ക്‌ സ്വന്തം ഭൂമിയായി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
തിരൂർ
നിയമപോരാട്ടങ്ങൾക്കൊടുവിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് സ്വന്തം ഭൂമിയായി. വെട്ടം വില്ലേജിലെ മാങ്ങാട്ടിരി പാലത്തിന് സമീപം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള 11 ഏക്കർ  ഭൂമി സർവകലാശാലാ രജിസ്ട്രാറുടെ പേരിൽ രജിസ്‌റ്റർ ചെയ്തു.  16 ഉടമകളുമായി  ചർച്ചചെയ്‌ത് വില നിർണയിച്ചാണ്‌   രജിസ്ട്രേഷൻ നടത്തിയത്. 16 ആധാരങ്ങളാണ് തിരൂർ രജിസ്ട്രാർ ഓഫീസിൽ  രജിസ്‌റ്റർ ചെയ്തത്. ഭൂമി സ്വന്തമായതിനാൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർവകലാശാലാ 
കെട്ടിട നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു. ഭൂമി വാങ്ങുന്നതിനായി സർക്കാർ ബജറ്റിൽ പണം അനുവദിച്ചിരുന്നു.  
2012 നവംബറിലാണ് വാക്കാട് തുഞ്ചൻ മെമ്മോറിയൽ കോളേജിന്റെ അഞ്ച്‌ ഏക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടത്തിൽ സർവകലാശാല പ്രവർത്തനമാരംഭിച്ചത്.   സ്ഥിരം കെട്ടിടം നിർമിക്കാൻ ഭൂമി ഏറ്റെടുക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ല. യുഡിഎഫ് സർക്കാരിന്റെ അവസാന വർഷത്തിൽ മാങ്ങാട്ടിരിയിലെ ഭൂമി ഏറ്റെടുക്കാൻ ധാരണയായെങ്കിലും തിരൂർ അന്നാരയിലെ ബെഞ്ച് മാർക്ക് ഉടമകളുടെ ഭൂമിയും ആതവനാട്ടെ സ്വകാര്യവ്യക്തിയുടെ ഭൂമിയും ചർച്ചയിൽ വന്നു. ഇതോടെ  ഭൂമിയുടെ കാര്യത്തിലുള്ള തീരുമാനം സർവകലാശാല വിദഗ്‌ധ സമിതിക്ക് വിട്ടു. ഇവരുടെ റിപ്പോർട്ട്‌  പ്രകാരം മാങ്ങാട്ടിരിയിലെ 17 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ശുപാർശചെയ്തു. ഇതിനെതിരെ ആതവനാട് ഭൂവുടമകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളുകയും ഭൂമി ഏറ്റെടുക്കാൻ സർവകലാശാലക്ക് അനുമതി നൽകുകയുംചെയ്തു. 
പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ 17 ഏക്കർ ഭൂമിയിൽപ്പെടുന്ന കണ്ടൽക്കാട്, ചതുപ്പുനിലം എന്നിവ ഒഴിവാക്കി 11 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ ടി ജലീൽ, വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ എന്നിവരുടെ   ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ്‌ ഭൂമി ഏറ്റെടുക്കൽ സാധ്യമാക്കിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top