28 January Tuesday
ജനവിധി

ജമാഅത്തെ ഇസ‌്ലാമിയുടെ ഇടതുവിരുദ്ധ അജൻഡയ‌്ക്ക‌് തിരിച്ചടി

സ്വന്തം ലേഖകൻUpdated: Sunday Jun 30, 2019
 
മലപ്പുറം
ജില്ലയിൽ  ഉപതെരഞ്ഞെടുപ്പ‌് നടന്ന അഞ്ച് വാർഡുകളിലും ജനവിധി ഇടതുവിരുദ്ധ ജമാഅത്തെ ഇസ‌്ലാമി അജൻഡയ‌്ക്ക‌്  തിരിച്ചടിയായി. ഇടതുപക്ഷ മതനിരപേക്ഷതക്ക‌് കരുത്തേകിയ വിധിയെഴുത്തിൽ രണ്ടിടത്ത‌് എൽഡിഎഫ‌് സിറ്റിങ്‌ സീറ്റുകൾ ഭൂരിപക്ഷം വർധിപ്പിച്ച‌് നിലനിർത്തിയപ്പോൾ ജയിച്ച രണ്ട‌് സീറ്റുകളിൽ യുഡിഎഫിന‌് ഭൂരിപക്ഷം ഇടിഞ്ഞു. രാഹുൽ ഗാന്ധിക്ക‌് വൻ ലീഡ‌് നൽകിയ ഊർങ്ങാട്ടിരിയിലെ വാർഡിലും ഇ ടി മുഹമ്മദ‌് ബഷീറിനു ഭൂരിപക്ഷം നൽകിയ പരപ്പനങ്ങാടി നഗരസഭ കീഴ‌്ചിറ വാർഡിലും എൽഡിഎഫ‌് വൻ ജയം നേടിയതോടെ കള്ളപ്രചാരണംവഴിയുണ്ടാക്കിയ ഭൂരിപക്ഷം പ്രളയജലംപോലെ ഒഴുകിപ്പോയി.  
    ബംഗാളിൽ ചെയ‌്ത മാതൃകയിൽ  കേരളത്തെയും വർഗീയമായി ധ്രുവീകരിച്ച‌് ഇടതുപക്ഷ മതനിരപേക്ഷതയെ ദുർബലപ്പെടുത്താനുള്ള ജമാഅത്തെ ഇസ്ലാമി തന്ത്രത്തിലെ അപകടം തിരിച്ചറിഞ്ഞ മലപ്പുറത്തെ സമ്മതിദായകർ ലോകസഭ തെരഞ്ഞെടുപ്പിൽ പിണഞ്ഞ കൈയബദ്ധം അതിവേഗം തിരുത്തി. 
   ബിജെപിയുടെ അധികാരത്തുടർച്ചയിൽ  മതന്യൂനപക്ഷങ്ങൾക്ക‌് ആശ്രയിക്കാവുന്ന അഭയകേന്ദ്രമായി ഇടതുപക്ഷം  തുടരേണ്ടതിന്റെ അവശ്യകത ഉയർത്തിപ്പിടിച്ച മലപ്പുറം, ജമാ അത്തെ ഇസ‌്ലാമിയുടെ അജൻഡ തള്ളുകയായിരുന്നു. രാഹുൽ ഗാന്ധി  പ്രധാനമന്ത്രിയാകുമെന്ന‌് പറഞ്ഞ‌് യുഡിഎഫിനായി ധ്രുവീകരണവും ഏകീകരണവുമുണ്ടാക്കിയ ജമാ അത്തെ ഇസ‌്ലാമിയും മുസ‌്ലിംലീഗുമാണ‌് ഇടതുപക്ഷം അപ്രസക്തമാണെന്ന പ്രചാരണത്തിന‌് മുന്നിൽനിന്നത‌്. എന്നാൽ ഏതുവിധേനയും കോൺഗ്രസിനെ ജയിപ്പിക്കണമെന്ന‌് പറഞ്ഞ ജമാ അത്തെ ഇസ‌്ലാമിയുടെ വെൽഫെയർ പാർടി അവരുടെ അഖിലേന്ത്യാ പ്രസിഡന്റിനെയടക്കം ബംഗാളിൽ മത്സരിപ്പിച്ച‌് കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കി. മുസ‌്ലിംലീഗാകട്ടെ മഹാരാഷ‌്ട്രയിൽ കോൺഗ്രസിനെതിരെ മത്സരിച്ച‌് വോട്ട‌് ഭിന്നിപ്പിച്ച‌് എൻഡിഎ വിജയം സുഗമമാക്കി. രാഹുൽ വയനാട്ടിൽ മത്സരിച്ചത‌് ആയുധമാക്കി ബിജെപി അമേഠിയും ഉത്തരേന്ത്യയും തൂത്തുവാരി. ഇതൊക്കെ വോട്ടർമാരെ വീണ്ടുവിചാരത്തിലെത്തിച്ചെന്നുവേണം കരുതാൻ. 
  രാഹുലിന്റെ വയനാട്ടിലെ മത്സരം ബിജെപിക്ക‌് അവസരം നൽകിയെന്ന‌് സമസ‌്തയടക്കം സമുദായ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. പരാജയത്തെ തുടർന്ന‌് രാഹുൽ പാർടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതടക്കം കോൺഗ്രസിന്റെ പ്രതിസന്ധി അതിരൂക്ഷമായപ്പോഴും കേരളത്തിലെ വിജയത്തിൽ മതിമറക്കുകയായിരുന്നു ലീഗും കെപിസിസിയും. ഇടതുവിരുദ്ധതയുടെ ഈ അപസ‌്മാരബാധക്കെതിരെ ജനങ്ങളുടെ രാഷ‌്ട്രീയ ജാഗ്രതയായി തെരഞ്ഞെടുപ്പ‌് ഫലം. 
  ഗുജറാത്ത‌് വംശഹത്യക്ക് തൊട്ടുപിന്നാലെ വാജ‌്പേയി മന്ത്രിസഭയിൽ ചേരാൻ മടിക്കാത്ത, ഇപ്പോഴും മോഡിക്ക‌് കുപ്പായവും പലഹാരവും എത്തിക്കുന്ന മമത ബാനർജിയെ ഫാസിസ‌്റ്റ‌് വിരുദ്ധ പോരാളിയായി അവരോധിച്ച ജമാ അത്തെ ഇസ‌്ലാമി ബംഗാളിൽ ഇടതുപക്ഷ വേട്ടയ‌്ക്ക‌് സർവ പിന്തുണയും നൽകി. വോട്ട‌് ബാങ്ക‌് ലക്ഷ്യമിട്ട മമതയുടെ തന്ത്രങ്ങളും സ്വേഛാധിപത്യ നടപടികളും മറുവശത്ത‌് ബിജെപിയെ വളർത്തി. അതേ വിഭജന തന്ത്രമാണ് കേരളത്തിലും ജമാഅത്തെ ഇസ‌്ലാമി ലക്ഷ്യമിട്ടത‌്. എന്നാൽ ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി  പ്രതിഷ‌്ഠിക്കുന്ന സംഘപരിവാർ സഹായ സംഘങ്ങൾക്ക‌് ജനവിധി താക്കീതായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top