27 January Friday
അഞ്ചാംപനി പ്രതിരോധ നടപടി

ആരോഗ്യസംഘത്തിന്‌ 
തൃപ്‌തി

സ്വന്തം ലേഖകൻUpdated: Tuesday Nov 29, 2022

നിലവിൽ 168 പേർക്ക്‌ അഞ്ചാംപനി

15 വയസിനു മുകളിലുള്ളവർക്കും രോഗം 

പ്രതിരോധ വാക്‌സിൻ നൽകാനുള്ള നടപടി ഊർജിതം

 
മലപ്പുറം
ജില്ലയിൽ അഞ്ചാംപനി വ്യാപിച്ചതിനെത്തുടർന്ന്‌ സാഹചര്യം വിലയിരുത്താൻ എത്തിയ ലോകാരോഗ്യ സംഘടന, കേന്ദ്ര–- സംസ്ഥാന സംഘങ്ങളുടെ സന്ദർശനം അവസാനിച്ചു. ചൊവ്വാഴ്‌ച സംസ്ഥാന ഉന്നതതല സംഘവും ബുധനാഴ്‌ച കേന്ദ്രസംഘവും സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക്‌ റിപ്പോർട്ട്‌ കൈമാറും. 
ജില്ലയിലെ പ്രതിരോധ നടപടികളിൽ തൃപ്‌തി രേഖപ്പെടുത്തിയ സംഘം വാക്‌സിനേഷൻ വേഗത്തിലാക്കാൻ നിർദേശം നൽകി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചുമതലയുള്ള സർവൈലൻസ്‌ മെഡിക്കൽ ഓഫീസർ ഡോ. ആശാ രാഘവൻ, ഡോ. സന്തോഷ്‌ രാജഗോപാൽ എന്നിവരായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ. 
ദേശീയ രോഗനിയന്ത്രണ കേന്ദ്രം ജോയിന്റ്‌ ഡയറക്ടർ ഡോ. സൗരഭ്‌ ഗോൽ, ഡൽഹിയിലെ ലേഡി ഹാർഡിൻ മെഡിക്കൽ കോളേജ്‌ മൈക്രോ ബയോളജിസ്‌റ്റ്‌ ഡോ. വി എസ്‌ രാധവ, പുതുച്ചേരിയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ച്‌ പീഡിയാട്രിക്‌സ്‌ പ്രൊഫ. ഡോ. ഡി ഗുണശേഖരൻ എന്നിവർ കേന്ദ്രസംഘത്തിൽ അംഗങ്ങളായിരുന്നു. 
ആരോഗ്യ അഡീഷണൽ ഡയറക്ടർ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ദീപ്‌ എന്നിവരായിരുന്നു സംസ്ഥാന സംഘത്തിൽ. കേന്ദ്രസംഘം മടങ്ങിയെങ്കിലും സെൻട്രൽ ബ്യൂറോ ഓഫ്‌ ഹെൽത്ത്‌ ഇന്റലിജന്റ്‌സിലെ രണ്ടു എപ്പിഡെമിയോളജിസ്‌റ്റുമാർ രണ്ടാഴ്‌ചകൂടി മലപ്പുറത്ത്‌ തുടരും. രോധബാധിത മേഖലയിൽ സന്ദർശനം നടത്തിയ സംഘം വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരെ വീടുകളിലും സന്ദർശിച്ചു. കലക്ടറുമായും ജില്ലാ ആരോഗ്യ വകുപ്പ്‌ അധികൃതരുമായും സംസാരിച്ച്‌ പ്രതിരോധ നടപടികൾ വിലയിരുത്തി. 
ഹരിയാനയിലെ മേവാസ്‌ ജില്ലയിലേതിനു സമാനമായ സാഹചര്യമാണ്‌ മലപ്പുറത്ത്‌ എന്നാണ്‌ കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ എന്നറിയുന്നു. പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്നതാണ്‌ അവിടെയും പ്രശ്‌നം.
168 പേർ ചികിത്സയിൽ
കൽപ്പകഞ്ചേരിയിലാണ്‌ ആദ്യം അഞ്ചാംപനി കണ്ടതെങ്കിലും പിന്നീട്‌ മറ്റു ഭാഗങ്ങളിലുമായി. എടവണ്ണ, വെട്ടം ആരോഗ്യ ബ്ലോക്കുകളിലൊഴികെ രോഗബാധിതരുണ്ട്‌. കൽപ്പകഞ്ചേരി, പൂക്കോട്ടൂർ, മലപ്പുറം പ്രദേശങ്ങളിലാണ്‌ രോഗബാധിതർ കൂടുതൽ. നിലവിൽ 168 പേർ ചികിത്സയിലുണ്ട്‌. 
അഞ്ചുവയസുവരെയാണ്‌ രോഗം ബാധിക്കാൻ സാധ്യത കൂടുതലെങ്കിലും അതിൽ കൂടുതൽ പ്രായമുള്ളവരും ചികിത്സയിലുണ്ട്‌. ഒമ്പതു മാസത്തിൽ താഴെ 13 പേർ, ഒമ്പതു മാസംമുതൽ ഒരുവർഷംവരെ 26, ഒന്നുമുതൽ നാലു വയസുവരെ 41, അഞ്ചുമുതൽ ഒമ്പതുവയസുവരെ 20, 10 മുതൽ 15 വരെ 20, 15 വയസിനുമുകളിൽ നാല്‌ എന്നിങ്ങനെയാണ്‌ രോഗബാധിതർ. അഞ്ചുവയസിനുമുമ്പ്‌ എടുക്കേണ്ട വാക്‌സിൻ കുത്തിവയ്‌പ്‌ എടുക്കാത്തവരിലാണ്‌ അഞ്ചാംപനി കണ്ടെത്തിയത്‌.  97,356 കുട്ടികൾ ഒന്നാം ഡോസ്‌ വാക്‌സിൻ എടുക്കാനുണ്ടെന്നാണ്‌ കണക്ക്‌. 
1,16,994 കുട്ടികൾ രണ്ടാം ഡോസ്‌ എടുക്കാനുമുണ്ട്‌. കൽപ്പകഞ്ചേരിയിൽമാത്രം 776 പേർ വാക്‌സിനെടുക്കാനുണ്ട്‌. മുഴുവൻ കുട്ടികൾക്കും ഡിസംബർ അഞ്ചിനകം മീസിൽസ്‌ റൂബെല്ല വാക്‌സിൻ നൽകാനുള്ള നടപടി ജില്ലയിൽ പുരോഗമിക്കുകയാണ്‌. 
നിലവിൽ ആരും ആശുപത്രികളിലില്ല. എന്നാൽ ആവശ്യമെങ്കിൽ കിടത്തിച്ചികിത്സിക്കാനുള്ള സംവിധാനം എല്ലാ ആശുപത്രികളിലും സജ്ജമാണെന്ന്‌ ഡിഎംഒ ആർ രേണുക പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top