ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ബീച്ച് ഫുട്ബോളും ഗോത്രവിഭാഗത്തില്പ്പെട്ടവര്ക്കായി ട്രൈബല്‍ ഫുട്ബോള്‍ മത്സരവും നടത്തും
മലപ്പുറം
വാടകവീട്ടിൽ ലഹരിക്കച്ചവടം നടത്തിയയാളെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി കേസെടുത്തു. യുവജന കമീഷനിൽ ലഭിച്ച പരാതിയിലാണ് പൊലീസ് നടപടി. പൊന്നാനി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിൽ 13 വർഷമായി താമസിക്കുന്നയാൾക്കെതിരെയായിരുന്നു പരാതി. വീട് ഒഴിയാൻ തയ്യാറാവാതെ വീട്ടിൽ നിരോധിത ലഹരിവസ്തുക്കൾ വിൽക്കുന്നു എന്നായിരുന്നു പരാതി.
നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമീഷൻ ചെയർപേഴ്സണ്‍ ഡോ. ചിന്ത ജെറോം പറഞ്ഞു. ജോലിയിൽനിന്ന് പിരിച്ചുവിട്ട യുവാവിന് ഏഴുമാസത്തെ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യവും നൽകാനും കമീഷൻ ഉത്തരവിട്ടു. അരീക്കോട് സ്വദേശി താരിഖ് അൻവറിന്റെ പരാതിയിലാണ് നടപടി. കോവിഡ് കാലത്താണ് കമ്പനി ജനറൽ മാനേജറായ യുവാവിനെ പിരിച്ചുവിട്ടത്.
ലഹരിവിരുദ്ധ സന്ദേശമുയർത്തി ബീച്ച് ഫുട്ബോളും ഗോത്രവിഭാഗത്തിൽപ്പെട്ടവർക്ക് ട്രൈബൽ ഫുട്ബോൾ മത്സരവും നടത്തുമെന്ന് ചിന്ത ജെറോം പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന ബോധവൽക്കരണ പരിപാടികളും ഒരുക്കും. ജനകീയ കൂട്ടായ്മയിലൂടെ ബോധവൽക്കരണ പ്രവർത്തനത്തിന് മലപ്പുറത്ത് തുടക്കം കുറിക്കും. മലപ്പുറം ഗവ. അതിഥിമന്ദിരത്തിലെ സിറ്റിങ്ങിൽ 22 പരാതി പരിഗണിച്ചു. 16 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റി. കമീഷൻ അംഗം പി മുബഷിർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, പി അഭിഷേക് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..