17 January Sunday

അങ്കത്തട്ടിലെ 
‘ബൈസിക്കിൾ കിക്ക്‌’

സ്വന്തം ലേഖകൻUpdated: Sunday Nov 29, 2020

ഫുട്ബോൾ പ്രമേയമായുള്ള പോസ്റ്റ‍ർ

മലപ്പുറം

ഐഎസ്‌എല്ലും ചാമ്പ്യൻസ്‌ ലീഗും കൊളുത്തിയ സോക്കർ ആവേശം ഗ്യാലറികൾ താണ്ടി മലപ്പുറത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലും കത്തിക്കയറുന്നു‌. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമമടക്കം വോട്ടർമാരെ അറിയിച്ച്‌ സ്ഥാനാർഥികൾ സോക്കർ ഉത്സവത്തെ വരവേൽക്കവേയാണ്‌ തെരഞ്ഞെടുപ്പ്‌ ചിഹ്നത്തിൽ തീരുമാനമായത്‌. അതോടെ, പോരാട്ടം പതിന്മടങ്ങ്‌ കൊഴുത്തു. ഫുട്‌ബോൾ ചിഹ്നമായി ലഭിച്ചവർക്ക്‌ ‘ലോട്ടറി’ അടിച്ചു. അർജന്റീനയും ബ്രസീലും ജർമനിയും മുതൽ ബ്ലാസ്‌റ്റേഴ്‌സ്‌ ജേഴ്‌സിയിലടക്കം സ്ഥാനാർഥികളെത്തി. കാൽപന്തിനെ നെഞ്ചേറ്റുന്ന മലപ്പുറത്ത്‌ ഫുട്‌ബോൾ ആരവങ്ങളെ പ്രചാരണങ്ങൾക്ക്‌ ഉപയോഗിക്കുകയാണ്‌ മുന്നണികൾ. സ്ഥാനാർഥി പന്ത്‌ തട്ടുന്ന കാരിക്കേച്ചറുകൾക്ക്‌ സ്വീകാര്യതയേറെ‌. ബൂത്തിലെത്തുംമുമ്പ്‌ വോട്ടർമാരുടെ മനസ്സിൽ ചിഹ്നം ഉറപ്പിക്കാനുള്ള ബൈസിക്കിൾ കിക്കുകളാണെല്ലാം. മെസിയുടെ 10–-ാം നമ്പർ അർജന്റീനിയൻ കുപ്പായമണിഞ്ഞ്‌ ഡിജിറ്റൽ പോസ്റ്ററിൽ ചിരിതൂകുന്ന ‘നമ്മുടെ സാരഥി’. ക്രിസ്റ്റ്യാനോ ഫാൻസുകാർക്ക്‌ വിഷമം വേണ്ട. സിആർ–-7 കാരിക്കേച്ചറും റെഡിയാണ്‌. ബാഴ്‌സയും യുവന്റസും മാഞ്ചസ്‌റ്റർ യുണൈറ്റഡും ആഴ്‌സണലുമടക്കം  പ്രിയ ടീമുകളുടെ കുപ്പായത്തിൽ ‘ഫുട്‌ബോൾ’ ചിഹ്നമുള്ള സ്ഥാനാർഥികളെ അണിയിച്ചൊരുക്കുകയാണ്‌ പ്രവർത്തകർ. എൽഡിഎഫ്‌ സർക്കാർ ജില്ലക്ക്‌ സമ്മാനിച്ച മൈതാനങ്ങളും വികസനനേട്ടങ്ങളായി പോസ്റ്ററുകളിലുണ്ട്‌. നാടിന്റെ സ്‌നേഹവായ്‌പുകളുള്ള ‘ഫുട്‌ബോൾ’ തെരഞ്ഞെടുപ്പ്‌ ചിഹ്നമാക്കാൻ നിരവധി പേരാണ്‌ അപേക്ഷ നൽകിയത്‌. ഒന്നിൽക്കൂടുതൽ അപേക്ഷകർ വന്നയിടങ്ങളിൽ നറുക്കെടുപ്പിലൂടെ ചിഹ്നം സ്വന്തമാക്കിയവർ ഏറെ സന്തുഷ്‌ടരാണ്‌. ‘മലപ്പുറം നഗരസഭയിലെ പോസ്‌റ്ററാണ്‌ ആദ്യം ചെയ്‌തത്‌. സംഭവം ക്ലിക്കായതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വിളിവന്നു. ഡിജിറ്റൽ പോസ്റ്റിനും വലിയ ബോർഡുകൾക്കും ആവശ്യക്കാരുണ്ട്‌.’ –- മലപ്പുറം ആൾട്ട്‌ കൺട്രോൾ ഡില---ീറ്റിലെ വി പി അർഷാദ്‌ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top