മലപ്പുറം
തെരഞ്ഞെടുപ്പിൽ പല വ്യത്യസ്ത പ്രചാരണം കണ്ടിട്ടുണ്ടെങ്കിലും ചിത്രംവരച്ച് വോട്ടുറപ്പിക്കയാണ് ഇവിടെയൊരു സ്ഥാനാർഥി. പുലാമന്തോൾ പഞ്ചായത്ത് എട്ടാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷംസുദ്ദീൻ കൊല്ലിയത്താണ് സ്വന്തം ചിത്രം ചുവരിൽ വരച്ച് വോട്ട് തേടുന്നത്. പ്രചാരണത്തിന്റെ ഒഴിവുസമയങ്ങളിലാണ് ചിത്രംവര. ഷംസുദ്ദീൻ ചിത്രരചനാ അധ്യാപകനായും വിദേശത്ത് പരസ്യ കമ്പനിയിലും ജോലിചെയ്തു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നാട്ടിലെത്തിയത്. മുമ്പ് തെരഞ്ഞെടുപ്പുകളിലും പാർടി സമ്മേളനങ്ങൾക്കുവേണ്ടിയും ചിത്രംവരച്ചിട്ടുണ്ട്. ‘കുട’ അടയാളത്തിലാണ് ജനവിധിതേടുന്നത്.
സിപിഐ എം അംഗമായും ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നാട്ടിൽ കല–-സാംസ്കാരിക–-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നപ്പോഴാണ് ജോലിതേടി ദുബായിലേക്കുപോയത്. 30 വർഷത്തെ പ്രവാസ ജീവിതത്തിലും കലാരംഗത്ത് സാന്നിധ്യമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കൊല്ലിയത്ത് കെ എം ബാപ്പുട്ടി കുടുംബാംഗമാണ്. നൂർജഹാനാണ് ഭാര്യ. മക്കൾ: ഷാജഹാൻ, നൂത്താഷ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..