29 October Thursday
ഗർഭസ്ഥ ശിശുക്കളുടെ മരണം

സ്വകാര്യ ആശുപത്രികളുടേത്‌‌ ഗുരുതര വീഴ്‌ച

സ്വന്തം ലേഖകൻUpdated: Tuesday Sep 29, 2020
 
മഞ്ചേരി
മതിയായ ചികിത്സ കിട്ടാതെ യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുണ്ടായത്‌ ഗുരുതര വീഴ്‌ച. നേരത്തെ കോവിഡ്‌ ബാധിച്ച യുവതിക്ക്‌ ആന്റിജെൻ പരിശോധനയിൽ നെഗറ്റീവായിരുന്നു. എന്നാൽ, ഇത്‌ പരിഗണിക്കാൻ സ്വകാര്യാശുപത്രികൾ തയ്യാറാവാത്തതാണ്‌ കുട്ടികളുടെ മരണത്തിലേക്ക്‌ നയിച്ചത്‌. 
ആന്റിജെൻ പരിശോധനാ ഫലം നെഗറ്റീവ്‌ ആയവർക്ക്‌ ശുശ്രൂഷ നൽകാമെന്നാണ്‌ ചട്ടം.   ഇത്‌ അവഗണിച്ചാണ്‌ രണ്ട്‌ ആശുപത്രികളും ആർടിപിസിആർ പരിശോധനാ ഫലത്തിന്‌ നിർബന്ധം പിടിച്ച്‌ ചികിത്സ നിഷേധിച്ചത്‌.
വെള്ളിയാഴ്‌ച വേദന അനുഭവപ്പെട്ടപ്പോഴാണ്‌ യുവതിയുടെ ഭർത്താവ്‌ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ചികിത്സയ്‌ക്ക്‌ അനുമതി തേടിയത്‌. എന്നാൽ, ആർടിപിസിആർ പരിശോധന വേണമെന്ന്‌ നിർബന്ധം പറഞ്ഞു. ശനിയാഴ്‌ച പുലർച്ചെ പ്രസവ വേദന രൂക്ഷമായി. തുടർന്നാണ്‌ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടിയത്‌. 
കോട്ടപ്പറമ്പ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയത്‌ ഒപി സമയം കഴിഞ്ഞാണ്‌. തുടർന്ന്‌ ബന്ധുക്കൾ മുക്കത്തെ സ്വകാര്യ ആശുപത്രിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആർടിപിസിആർ ഫലം നിർബന്ധമാണെന്ന്‌ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ലാബുമായി യുവതിയുടെ ഭർത്താവ്‌ ഫോണിൽ ബന്ധപ്പെട്ടെങ്കിലും‌ ഫലം കിട്ടാൻ 24 മണിക്കൂർ കഴിയുമെന്ന്‌ അറിയിച്ചു. ഇതിനുശേഷമാണ്‌‌ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്‌. ചികിത്സ കിട്ടാതെ 14 മണിക്കൂറാണ് യുവതിയും കുടുംബവും അലഞ്ഞത്. ഒടുവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ ലഭിച്ചത്.
 
തുടർ നടപടി റിപ്പോർട്ട് പഠിച്ചശേഷം: ഡിഎംഒ
മലപ്പുറം
യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് വിശദമായി പഠിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന "ദേശാഭിമാനി'യോട് പറഞ്ഞു. മന്ത്രി കെ കെ ശൈലജയുടെ നിർദേശത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സംഘവും റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. രണ്ട് റിപ്പോർട്ടുകളും വിശദമായി പരിശോധിച്ചശേഷമേ തുടർ നടപടി സ്വീകരിക്കൂ. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.-

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top