21 October Monday
"ഒരുരാത്രിയും ഞങ്ങൾ പൂർണമായി ഉറങ്ങിയിട്ടില്ല'

ദുരന്തത്തിന്റെ ഓരത്തുണ്ട്‌ ആ 30 വീടുകൾ

ജോബിൻസ‌് ഐസക‌്Updated: Thursday Aug 29, 2019

ഉരുൾപൊട്ടലിൽ കവളപ്പാറ തോട് ​ഗതിമാറിയൊഴുകി നശിച്ച നീലങ്ങാടൻ ഹസന്റെ കൃഷിയിടം

 
കവളപ്പാറ
ദുരന്തം ബാക്കിവച്ച കവളപ്പാറക്കാർക്ക്‌ ഇനിയും പറയാനുണ്ട്‌.  ഉരുൾപൊട്ടിയ മൂന്ന്‌ മലകളുടെയും ഓരത്ത്‌ പേടിച്ചുവിറച്ച്‌ ചിലർ ഇപ്പോഴും കഴിയുന്നുണ്ട്‌. 59 ജീവനുകൾ മണ്ണിനടിയിലായ കവളപ്പാറയുടെ പടിഞ്ഞാറുഭാഗത്താണ്‌ ആ 30 വീടുകൾ. ഇതിൽ  മൂന്ന്‌ വീടുകളിൽമാത്രമേ അന്തിയുറങ്ങാൻ ഇപ്പോൾ ആളുകളുള്ളൂ. എല്ലാവരും ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. പലരും ക്യാമ്പിൽ തുടരുന്നു. പകൽ വീട്ടിൽവന്നശേഷം രാത്രി ബന്ധുവീടുകളിൽ അഭയംതേടുന്നവരാണേറെയും. 
‘കവളപ്പാറയിൽ ഉരുൾപൊട്ടിയശേഷം ഒരുരാത്രിയും ഞങ്ങൾ പൂർണമായി ഉറങ്ങിയിട്ടില്ല. തോട്ടിലെ വെള്ളമൊഴുക്കിന്റെ താളം മുറുകുന്നുണ്ടോ, കാടിനുള്ളിൽനിന്ന്‌ പതിവില്ലാത്ത ശബ്ദങ്ങളുണ്ടോ,  നിലംപൊത്തുംമുമ്പ്‌ മരച്ചില്ലകൾ കൂട്ടിയടിക്കുന്ന കലമ്പലുണ്ടോ...’ ഇതെല്ലാമാണ്‌ ചിന്ത; നീലങ്ങോട് റൂബിയയും മകൾ ഷഹാനയും പറയുന്നു.  വടക്കേപ്പുറം മുഹമ്മദ്‌, പുത്തലവൻ സമ്മദ്‌, നീലങ്ങോടൻ മുഹമ്മദ്‌ എന്നിവർ മാത്രമാണ് പ്രദേശത്ത്‌ താമസം തുടരുന്നത്‌. 
അയൽവാസിയടക്കം മൂന്ന്‌ കുടുംബങ്ങൾ  റൂബിയയുടെ വീട്ടിൽ അന്തിയുറങ്ങുന്നു. മകളുടെ ഭർത്താവ് അനസും ഇവിടുണ്ട്‌. ദുരന്തദിനം ഓർക്കുമ്പോൾ ഇവരുടെ മുഖത്തിപ്പോഴും നടുക്കം. ജോലികഴിഞ്ഞ്‌ റൂബിയ മടങ്ങവേയാണ്‌ സംഭവം. പനങ്കയം പാലം വെള്ളവും മരവും മൂടിയതിനാൽ ഇക്കരെ കടന്ന്‌ വീട്ടിലെത്താനായില്ല. മകൾ തനിച്ചായിരുന്നു വീട്ടിൽ. പിറ്റേന്ന്‌ ഉച്ചകഴിഞ്ഞാണ്‌ എത്തുന്നത്‌. അപ്പോഴാണ് മുത്തപ്പൻ മലയിടിഞ്ഞത്‌ അറിഞ്ഞത്‌.  അയൽവാസി ഹസ (74)ന്റെകാര്യം അതിലും കഷ്ടം. മകൻ ഷംസുദ്ദീന്റെ ഭാര്യ പ്രസവത്തിന്‌ വീട്ടിൽപോയതിനാൽ ഹസൻ തനിച്ചായി. തോട് ഗതിമാറിയൊഴുകി വീടുനടുത്തുവരെ എത്തി.  തെങ്ങും കവുങ്ങും നിറഞ്ഞ കൃഷിയിടം തകർന്നടിഞ്ഞു. തൊട്ടുമുകളിൽ മലയിടിഞ്ഞുനിൽക്കുന്നു. മഴ കൂടിയാൽ ഏതുനിമിഷവും എന്തും സംഭവിക്കാം. 
കടുത്ത മാനസികസമ്മർദത്തിലാണ്‌ പ്രദേശവാസികളെന്ന്‌ ഇവിടെ എത്തിയ സോഷ്യേ സൈക്കോ കൗൺസലിങ് സംഘാംഗങ്ങളായ ധന്യ ആബിദ്‌, ബീന മറിയം, മജുഷ്‌, സെഹല എന്നിവർ പറഞ്ഞു. 
ആദ്യ ഉരുൾ 
കവളപ്പാറ മലയിൽ
ഭൂദാനം–-കവളപ്പാറ റോഡിന്റെ പടിഞ്ഞാറ്‌ താമസിക്കുന്നവർക്കുചുറ്റും മൂന്ന്‌ മലകളുണ്ട്‌. വൻ ദുരന്തമുണ്ടായ മുത്തപ്പൻ മല റോഡിന്റെ തെക്കുവശത്താണ്‌. മൂന്നായി പിളർന്നുവീണ മുത്തപ്പൻ മലയുടെ പടിഞ്ഞാറുഭാഗത്തെ ദുരന്തഭൂമി ഇവരുടെ തൊട്ടുമുന്നിലാണ്‌.  ഇതിനടുത്ത്‌ രണ്ടിടത്ത്‌ ചെറുതായി മണ്ണിടിഞ്ഞിട്ടുണ്ട്‌. മഴ തുടർന്നാൽ അപകടസാധ്യതയേറും. 
റോഡിന്റെ പടിഞ്ഞാറെ അറ്റത്ത്‌ കാടിനുള്ളിൽ ചാമപ്പാറ മല. ഇവിടെ ഉരുൾപൊട്ടി കവളപ്പാറ തോട്ടിൽ വെള്ളംനിറഞ്ഞതുകണ്ട്‌ ആളെ മാറ്റാൻ ശ്രമിക്കുമ്പോഴാണ് മുത്തപ്പൻ മല ഇടിയുന്നത്‌. 
സംഭവദിവസം ആദ്യം മണ്ണിടിഞ്ഞത്‌ റോഡിന്‌  വടക്കുവശത്തെ കവളപ്പാറ മലയിലാണ്‌. കവളപ്പാറ എന്ന കൂറ്റൻ പാറയുടെ മുന്നിൽ രണ്ടിടത്ത്‌ മണ്ണിടിഞ്ഞത്‌ കാണാം. എട്ടിന്‌ പകലാണ്‌ ഇവിടെ ചെറുതായി ഉരുൾപൊട്ടിയത്‌. ഇതിന്‌ 200 മീറ്റർ അടുത്താണ്‌ റൂബിയയുടെ വീട്‌.
പ്രധാന വാർത്തകൾ
 Top