12 August Wednesday
കൂടുതല്‍ പേരെ പരിശോധിക്കും

അതീവ ജാഗ്രത

സ്വന്തം ലേഖകൻUpdated: Monday Jun 29, 2020
 
മലപ്പുറം
കോവിഡ്‌ രോഗികളുടെ എണ്ണം കൂടുകയും സ്വകാര്യ ആശുപത്രി ജീവനക്കാർക്കുൾപ്പെടെ രോഗം സ്ഥിരീകരിക്കുകയുംചെയ്‌തതോടെ ജില്ല അതീവ ജാഗ്രതയിൽ. കോവിഡ് ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗവ്യാപന സാധ്യത കണ്ടെത്താൻ കൂടുതൽ പേർക്ക്‌ സ്രവ പരിശോധന നടത്തും. കലക്ടർ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കോവിഡ് പ്രതിരോധ സമിതി യോഗത്തിലാണ്‌ തീരുമാനം.
ആദ്യഘട്ടത്തിൽ 
1500 പേർക്ക്‌ പരിശോധന
രോഗബാധ മുൻകൂട്ടി കണ്ടെത്താൻ ആദ്യഘട്ടത്തിൽ വിവിധ മേഖലകളിലുള്ള 1500 പേർക്ക്‌ സ്രവ പരിശോധന നടത്തും. കോവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കമുണ്ടായ 14 ദിവസം നിരീക്ഷണം പൂർത്തിയാകാത്ത 500 പേരെയാണ്‌ പരിശോധിക്കുക. ആശാവർക്കർമാർ, കോവിഡ് വളന്റിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ 500 പേരുടെയും സ്രവ പരിശോധന നടത്തും. 60 വയസ്സിനുമുകളിൽ പ്രായമുള്ള 250 പേരെയും സർക്കാർ-–-സ്വകാര്യ ആശുപത്രികളിലെ 250 ജീവനക്കാരെയും പരിശോധനക്ക്‌ വിധേയരാക്കും. ആവശ്യമായ പരിശോധനാ കിറ്റുകൾ തിങ്കളാഴ്‌ച എത്തിക്കും.
സമ്പർക്കമുള്ളവർക്ക്‌ 
28 ദിവസം ക്വാറന്റൈൻ
കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായ മുഴുവനാളുകളെയും കണ്ടെത്തും. ഇതില്‍ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് നടത്തും. സമ്പര്‍ക്ക പട്ടികയിലെ രോഗലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്റൈനില്‍ കഴിയണം. 
വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി
കോവിഡ് രോഗബാധ, ചികിത്സ എന്നിവയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താലൂക്ക്തല സ്‌ക്വാഡുകൾ ശക്തിപ്പെടുത്തും. 
ലക്ഷണങ്ങളുള്ളവർ അറിയിക്കണം 
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ കൺട്രോൾ സെല്ലിനെ അറിയിക്കണം. സ്രവ പരിശോധനക്ക്‌ വിധേയരായവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പരിശോധനാഫലം ലഭിക്കുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകരുത്‌.
കോവിഡ്‌ സെൽ നമ്പർ: 0483- 2733251, 2733252, 2733253.
ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ വാർഡുതല ജാഗ്രതാ സമിതികളും റാപ്പിഡ് റെസ്പോൺസ് ടീമും ജാഗ്രത പുലർത്തണം. ആരാധനാലയങ്ങളിലെയും ബന്ധുവീടുകളിലെയും സന്ദർശനം ഒഴിവാക്കണം.
എഡിഎം എൻ എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീം, ജില്ലാ മെഡിക്കൽ ഓഫീസർ   കെ സക്കീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top