കുളത്തിൽവീണ ഐ ഫോൺ എടുത്തുനൽകി ഫയർഫോഴ്‌സ്
പെരിന്തൽമണ്ണ
ഞായർ പകൽ പതിനൊന്നര. അങ്ങാടിപ്പുറം ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് ഫയർഫോഴ്‌സ് കുതിച്ചെത്തി. ആരോ വെള്ളത്തിൽപോയെന്നാണ് നാട്ടുകാർ കരുതിയത്. സംഭവം ശരിയായിരുന്നു. വെള്ളത്തിൽപോയ ഒരു ‘വിഐപി’യെ രക്ഷിക്കാൻ എത്തിയതായിരുന്നു പെരിന്തൽമണ്ണ ഫയർഫോഴ്‌സ് യൂണിറ്റ്. എന്നാൽ വിഐപിയെ കണ്ട നാട്ടുകാർ അന്ധാളിച്ചു. വേറാരുമല്ല, ഒരു ഐ ഫോൺ! പാണ്ടിക്കാട് ഒറവംപുറത്തുള്ള ഏറിയാട് ശരത്തിന്റെ ഒരുലക്ഷം രൂപയോളം വിലവരുന്ന ഐ ഫോൺ കുളത്തിൽ വീഴുകയായിരുന്നു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. ഒടുവിലാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. എട്ടു മീറ്ററോളം ആഴമുള്ള, ചെളി നിറഞ്ഞ കുളത്തിൽ സ്കൂബ സെറ്റ് ധരിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ തിരഞ്ഞു. പത്ത് മിനിറ്റിനുശേഷം ചെളിയിൽ പുതഞ്ഞുകിടന്ന ഫോൺ കിട്ടി. ഇത് ശരത്തിന് കൈമാറി. വലിയ പരിക്കില്ലാതെ ഫോൺ കിട്ടിയ ശരത്ത് ഫയർഫോഴ്‌സിന് നന്ദി പറഞ്ഞു. ഓഫീസർമാരായ അഷറഫുദ്ദീൻ, പി മുരളി എന്നിവരും ‘രക്ഷാ’സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..