കൊണ്ടോട്ടി
ഒളവട്ടൂർ മങ്ങാട്ടുമുറി ഗവ. എൽപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്ഘാടനംചെയ്യുമ്പോൾ നാടിനാകെ ആഹ്ലാദനിറവ്. പൊതുവിദ്യാഭ്യാസമേഖലയിലെ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളമാണ് ഈ വിദ്യാലയം. മാനേജർ അടച്ചുപൂട്ടാൻ തീരുമാനിച്ച സ്കൂൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഒരുകോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം.
പുളിക്കൽ പഞ്ചായത്തിലെ മൂന്നാംവാർഡിലെ ഏക പ്രൈമറി വിദ്യാലയമാണിത്. മാനേജ്മെന്റ് 2009 ഏപ്രിൽ 16ന് ലാഭകരമല്ല എന്ന കാരണത്താൽ സ്കൂൾ പൂട്ടാൻ ഡിപിഐക്ക് അപേക്ഷ നൽകി. 2010 മെയ് 21ന് വിദ്യാലയത്തിന് താഴിട്ടു. അന്നത്തെ സർക്കാരിന്റെ ഇടപെടലിൽ പൊലീസ് സംരക്ഷണത്തിൽ 2010 ജൂണിൽ ക്ലാസ് ആരംഭിച്ചു. എന്നാൽ പിടിഎ, സ്റ്റാഫ് എന്നിവർക്കെതിരെ മാനേജ്മെന്റ് മഞ്ചേരി കോടതിയിൽ കേസ് നൽകി. ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതി സിങ്കിൾ ബെഞ്ച് 2011 ഏപ്രിൽ 12ന് സ്കൂൾ അടച്ചുപൂട്ടിയതായി വിധിച്ചു. 2016ൽ സംസ്ഥാന സർക്കാർ സ്കൂൾ ഏറ്റെടുത്തു. പുതിയേടത്ത് പറമ്പിലെ മദ്രസയിൽ 20 മാസത്തോളം വിദ്യാലയം പ്രവർത്തിച്ചു. അതിന്റെ തുടർച്ചയാണ് പുതിയ കെട്ടിടം. പ്രധാനാധ്യാപകൻ രമേശൻ നമ്പൂതിരിയും കെഎസ്ടിഎ കൊണ്ടോട്ടി സബ് ജില്ലാ കമ്മിറ്റിയും വിദ്യാലയത്തിനായി ഏറെ പ്രയത്നിച്ചവരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..