14 July Tuesday

സമ്പർക്കംവഴി പിഞ്ചുകുഞ്ഞുങ്ങൾക്കും വൈറസ്‌ 8 പേര്‍ക്കുകൂടി രോഗം

സ്വന്തം ലേഖകൻUpdated: Friday May 29, 2020

 

 
മലപ്പുറം 
ഒരുദിവസത്തെ ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും വൈറസ്‌ ബാധ.  എട്ട് പേർക്കുകൂടി വ്യാഴാഴ്‌ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌. മുംബൈയിൽനിന്ന് മെയ് 21ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശിയായ 60–-കാരൻ, ഇദ്ദേഹത്തിന്റെ  മരുമകളായ 30 വയസുകാരി, ഇവരുടെ മക്കളായ മൂന്നുവയസുകാരി, മൂന്നരമാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിങ്ങനെ കുടംബത്തിലെ നാലുപേർക്കാണ്‌ ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത്‌. ഇയാളുടെ ഭാര്യക്കും മകനും  26ന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 
മുംബൈയിൽനിന്ന് 16ന് എത്തിയ തെന്നല തറയിൽ സ്വദേശിയായ 41–-കാരൻ,  22ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കത്തിൽനിന്ന് കണ്ണൂർ വഴി 23ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങൽ സ്വദേശിയായ 43–-കാരൻ, ആന്ധ്രപ്രദേശിലെ കർണൂലിൽനിന്ന്  എട്ടിനെത്തിയ വള്ളിക്കുന്ന് ആലിൻചുവട് കൊടക്കാട് സ്വദേശിയായ 37–-കാരൻ എന്നിവരാണ്‌ രോഗബാധയുണ്ടായ മറ്റ്‌ നാലുപേർ. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്‌. 
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ  വീടുകളിൽ പൊതുസമ്പർക്കമില്ലാതെ പ്രത്യേകം മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു.
പ്രധാന വാർത്തകൾ
 Top