14 July Tuesday

6 പേര്‍ ജീവിതത്തിലേക്ക്

സ്വന്തം ലേഖകൻUpdated: Friday May 29, 2020
 
മലപ്പുറം
മഹാമാരിയോട്‌ പൊരുതുന്ന കേരളത്തിന്‌ ആത്മവിശ്വാസം പകർന്ന്‌ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന്‌ ആറ് പേർകൂടി രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തി കോവിഡ് 19 സ്ഥിരീകരിച്ചവരാണ് രോഗം ഭേദമായി  മടങ്ങിയത്. രോഗം ഭേദമായ ആലപ്പുഴ ആര്യാട് സ്വദേശിനി ജിൻസി‌  കോവിഡ്‌  ചികിത്സയ്‌ക്കിടെ പെൺകുഞ്ഞിന് ജന്മം നൽകി.‌
മെയ് 10ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം തയ്യിൽ ഷാഹുൽ (34),  14ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി കൂത്തുപറമ്പിൽ കെ പി മുഹമ്മദ്‌ റിഫാസ് (27), മൂന്നിയൂർ വെളിമുക്ക് സൗത്ത് മൈത്രി റോഡ് പുളിക്കൻവീട്ടിൽ പാലത്തുപടി പി വി പ്രസാദ് (44), മാറഞ്ചേരി കാഞ്ഞിരമുക്ക് പഞ്ഞിക്കര ഹൗസ് ധർമരാജ് (49),   17ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം വെള്ളത്തൂർ സിദ്ദിഖ് (61), താനാളൂർ വെള്ളിയത്ത്  സൈഫുദ്ദീൻ (33) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
അങ്ങാടിപ്പുറം സ്വദേശി അബുദാബിയിൽനിന്നാണ് എത്തിയത്.  തൃപ്രങ്ങോട് ആനപ്പടി സ്വദേശിയും മൂന്നിയൂർ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയും ദുബായിൽ നിന്നും. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും വളാഞ്ചേരി വടക്കുംപുറം സ്വദേശിയും മുംബൈയിൽനിന്നും താനാളൂർ സ്വദേശി  കോയമ്പത്തൂരിൽനിന്നുമാണ് വന്നത്. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ഇവർ 14 ദിവസം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരും.
ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാൽ, ഡോ. ഇ അഫ്സൽ, നോഡൽ ഓഫീസർ ഡോ. പി ഷിനാസ് ബാബു എന്നിവർക്കൊപ്പം ഗ്രേഡ് ടു ജീവനക്കാരായ സജീഷ്‌കുമാർ, തങ്കം എന്നിവർ ചേർന്നാണ് രോഗം ഭേദമായവരെ യാത്രയാക്കിയത്.
12,362 പേര്‍  നിരീക്ഷണത്തിൽ
മലപ്പുറം
കോവിഡ് വ്യാപനം തടയാനായി  ജില്ലയിൽ  594 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 12,362 പേർ ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്‌. 153 പേർ  വിവിധ ആശുപത്രികളിലും  1272 പേർ കോവിഡ് കെയർ സെന്ററുകളിലും.
പ്രധാന വാർത്തകൾ
 Top