14 July Tuesday

വൈറസ്‌ വീണു; ജിൻസിക്ക്‌ ജീവന്റെ ഇരട്ടിമധുരം

സ്വന്തം ലേഖകൻUpdated: Friday May 29, 2020

ജിന്‍സി ജന്മം നല്‍കിയ പെണ്‍കുഞ്ഞ് ആരോഗ്യപ്രവർത്തകയുടെ കൈയിൽ

 
മലപ്പുറം
കോവിഡ് ഭേദമായതിനുപിന്നാലെ കുഞ്ഞിന്‌ ജന്മംനൽകി ആലപ്പുഴ സ്വദേശിനിയായ യുവതി. കുവൈത്തിൽനിന്ന്‌ കരിപ്പൂരിൽ മടങ്ങിയെത്തിയ ആലപ്പുഴ ആര്യാട് സ്വദേശിനി ജിൻസിയാണ്‌  കോവിഡ്‌  ചികിത്സക്കിടെ പെൺകുഞ്ഞിന് ജന്മംനൽകിയത്‌. സംസ്ഥാനത്ത്‌ കോവിഡ്‌ ചികിത്സയിലെ പ്രധാന ആശാകേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ വ്യാഴാഴ്‌ച  രാവിലെ  പത്തോടെ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.  2.7 കിലോഗ്രാമാണ്  ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജേക്കബ്, ഹെഡ് നേഴ്സ് മിനി കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സുരക്ഷാക്രമീകരണങ്ങളോടുംകൂടിയായിരുന്നു ശസ്ത്രക്രിയ.
ഭാര്യയുടെ രോഗം ഭേദമായതിലും പൂർണ ആരോഗ്യവതിയായ കുഞ്ഞിനെ ലഭിച്ചതിലും സന്തോഷമുണ്ടെന്നും  മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും തന്റെ നന്ദി അറിയിക്കുന്നുവെന്നും  ജിൻസിയുടെ ഭർത്താവ് ലിജോ ജോസഫ് പറഞ്ഞു. 
എട്ട് വയസുകാരൻ ലിയോയാണ് മൂത്ത കുഞ്ഞ്. അശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും അമ്മയ്ക്കും നവജാതശിശുവിനും ആശംസ നേർന്നു. കോവിഡ് രോഗമുക്തിക്കുശേഷം മഞ്ചേരി മെഡിക്കൽ കോളേജിലെ ആദ്യ  പ്രസവ ശസ്ത്രക്രിയ വിജയകരമായതിന്റെ ആഹ്ലാദത്തിലാണ്‌ മെഡിക്കൽ സംഘം.  
കുവൈത്തിൽ സ്റ്റാഫ് നേഴ്സായ ജിൻസി ഐഎക്‌സ് - 394 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ 13ന് രാത്രി 10.15നാണ് കരിപ്പൂർ  അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.  ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും പിന്നീട് രോഗം സ്ഥിരീകരിക്കുകയുംചെയ്തു. 20, 21 തീയതികളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഇവരെ സ്റ്റെപ് ഡൗൺ ഐസി യൂണിറ്റിൽ പ്രവേശിപ്പിക്കയായിരുന്നു.
പ്രധാന വാർത്തകൾ
 Top