28 May Thursday

24 ഡോക്ടര്‍മാരടക്കം 118 പേരെ നിയമിച്ചു: മന്ത്രി ജലീൽ

സ്വന്തം ലേഖകൻUpdated: Sunday Mar 29, 2020
മലപ്പുറം
കോവിഡ്  പ്രതിരോധ പ്രവർത്തനത്തിന്‌ ജില്ലയിൽ ഡോക്ടർമാരടക്കം 118 പുതിയ നിയമനം നടത്തിയതായി  മന്ത്രി  കെ ടി ജലീൽ.  24 പുതിയ ഡോക്ടർമാർ, നേഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുൾപ്പെടും.  117 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ  വൈകിട്ട് ആറുവരെ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. 
മഞ്ചേരി മെഡിക്കൽ കോളേജ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കി മാറ്റിയതിനാൽ ഇവിടത്തെ മറ്റ് രോഗികളെ ജില്ല, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റി.  ചെരണിയിലെ ജില്ലാ ടിബി ആശുപത്രിയിൽ 24 മണിക്കൂറും ആരോഗ്യ ചികിത്സാ സേവനം സജ്ജമാക്കി. എവിടെയും സേവനം ലഭ്യമാക്കാൻ ഒരുക്കമാണെന്ന് അനസ്‌തേഷ്യ ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പറഞ്ഞു. 
വീടുകളിൽ കഴിയുന്ന ക്യാൻസർ രോഗികൾ, വൃക്ക മാറ്റിവയ്ക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്കുള്ള മരുന്നുകൾ വീട്ടിലെത്തിക്കും. ഇതിനായി പെയിൻ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റികളുടെ സേവനം പ്രയോജനപ്പെടുത്തും. മരുന്നുവാങ്ങാൻ പണമില്ലാത്തവർക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ ഇടപെട്ട് നടപടിയെടുക്കണം. രോഗികളെ ആശുപത്രികളിലെത്തിക്കാൻ പെയിൻ ആന്‍ഡ് പാലിയേറ്റീവിന്റെ വാഹനങ്ങൾ ഉപയോഗിക്കാം. 
 വെള്ളിയാഴ്ച പ്രാർഥനയുൾപ്പെടെ മാറ്റിവയ്ക്കുന്നതിൽ മത സംഘടനാ നേതാക്കൾ നൽകിയ പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. 
കള്ളുഷാപ്പുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചതോടെ മദ്യാസക്തരിൽ ആത്മഹത്യ പ്രവണതയുൾപ്പെടെ കാണുന്നു. ഇവർക്ക്‌ വിമുക്തി പദ്ധതിയിലൂടെ ചികിത്സയും പ്രത്യേക കൗൺസലിങ്ങും ലഭ്യമാക്കും. 
 ചരക്ക് വാഹനങ്ങൾക്ക് പാസ് അനുവദിച്ച് തുടങ്ങി. ചെക്ക് പോസ്റ്റുകളിൽ ആവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് തടസ്സമില്ല. ജില്ലയിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റിലെ അവലോകന യോഗത്തിൽ  കലക്ടർ ജാഫർ മലിക്, ഡിഎംഒ   കെ സക്കീന, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ വി രാജൻ, ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ്,  ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ എന്നിവർ പങ്കെടുത്തു.
വീട്ടിലിരിക്കൂ... സാമൂഹ്യസേവകനാകൂ
സമൂഹത്തിന്റെ സുരക്ഷയാണ് സന്നദ്ധ സേവനത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ വീട്ടിലിരിക്കുകയാണ് ഉത്തമമെന്ന് മന്ത്രി. സേവനത്തിന്‌ ആളുകൾ പൊതുരംഗത്തിറങ്ങുന്നത്‌ ഇപ്പോഴത്തെ സാഹചര്യത്തിൽ വിപരീത ഫലമാണുണ്ടാക്കുക. സാമൂഹിക അകലം പാലിക്കുകമാത്രമാണ് ചെയ്യാനുള്ളത്. തദ്ദേശ സ്ഥാപനങ്ങളുൾപ്പെടെയുള്ളവർ ആവശ്യപ്പെടുമ്പോൾ സന്നദ്ധസേവകർക്ക്‌ പുറത്തിറങ്ങാം. 
നാട്ടിൻപുറങ്ങളിൽ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. സ്വയം തീരുമാനമെടുത്ത് പുറത്തിറങ്ങാതിരിക്കുകയാണ് വേണ്ടത്‌. എല്ലായിടത്തും പൊലീസ് എത്തുകയെന്നത്‌ സാധ്യമല്ല.
പ്രധാന വാർത്തകൾ
 Top