തീർഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിക്കും
വലിയ ക്ഷേത്രങ്ങളിൽ കൂടുതൽ അടിസ്ഥാന
സൗകര്യമൊരുക്കും
കാടാമ്പുഴ
എല്ലാ ചെറിയ ക്ഷേത്രങ്ങളിലും അടിസ്ഥാന തസ്തികകളിൽ ജീവനക്കാരെ ഉറപ്പാക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി പറഞ്ഞു. ശാന്തി, കഴകം, അടിച്ചുതളി എന്നീ തസ്‌തികകളിലാണ് ജീവനക്കാരെ നിയമിക്കുക. രണ്ടുവർഷത്തിനുള്ളിൽ അഞ്ഞൂറിലധികം നിയമനങ്ങളാണ് നടത്തിയത്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എന്നപോലെ പ്രധാനമാണ് ജീവനക്കാരെ സംരക്ഷിക്കുകയെന്നതും. ക്ഷേത്ര മേഖലയിൽ അനാവശ്യ ചെലവ് അംഗീകരിക്കാനാവില്ല. പലയിടങ്ങളിലും നിയമവിരുദ്ധമായി ചില സംഘങ്ങൾ ക്ഷേത്രകാര്യങ്ങൾ കൈകാര്യംചെയ്യുകയും വരുമാനം പങ്കിട്ടെടുക്കുകയും ചെയ്യുന്നുണ്ട്. അത്തരം ക്ഷേത്രങ്ങളിലെല്ലാം കോടതിയുടെ സഹായത്തോടെ ഇടപെട്ട് ഭരണസംവിധാനം കുറ്റമറ്റതാക്കും.
ഓരോ ക്ഷേത്രവും ചരിത്രം, കല, സാംസ്‌കാരിക –-പാരമ്പര്യം എന്നിവ ഉൾക്കൊള്ളുന്നവയാണ്. ഇവയെല്ലാം വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് തീർഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിക്കും. ക്ഷേത്രങ്ങളുടെ നിലവാരം ഉയർത്തുകയും വലിയ ക്ഷേത്രങ്ങളിൽ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കുകയും ചെയ്യും.
സർക്കാരിനുപുറമെ കിഫ്ബിയും ടൂറിസം, ജലസേചന വകുപ്പുകളും ക്ഷേത്രങ്ങൾക്ക് സഹായം ലഭ്യമാക്കുന്നുണ്ട്.
പ്രധാന ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കാനും ശ്രമം തുടങ്ങി. ക്ഷേത്രോത്സവങ്ങൾ കലകൾക്കും കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്ന വിധത്തിൽ നടപ്പാക്കും. സർക്കാർ ജീവനക്കാർക്ക് സമാനമായി മലബാർ ദേവസ്വം ബോര്‍ഡിലെ മുഴുവൻ ജീവനക്കാർക്കും ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും പദ്ധതിയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്നും എം ആർ മുരളി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി നന്ദകുമാർ (കമീഷണർ, മലബാർ ദേവസ്വം ബോർഡ്), എ എസ് അജയകുമാർ (എക്‌സിക്യൂട്ടീവ് ഓഫീസർ, ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം), എം ഗോവിന്ദൻകുട്ടി (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ, മലബാർ ദേവസ്വം ബോർഡ്), പി കെ മധുസൂദനൻ (മലബാർ ദേവസ്വം ബോർഡ്), രാധ മാമ്പറ്റ (മലബാർ ദേവസ്വം ബോർഡ് അംഗം), ടി സി ബിജു (അസിസ്റ്റന്റ് കമീഷണർ, മലബാർ ദേവസ്വം ബോർഡ്) എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..