തിരൂരങ്ങാടി
പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പിടിയിൽ. ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍മാര്‍ഗം കടത്തിയ കഞ്ചാവുമായി കൂത്തുപറമ്പ് നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം മൂസ കുഞ്ഞിമാക്കാനകത്ത് ജാബിർ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മീര്‍ തീര്‍ഥാടനത്തിനുള്ള ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ കഞ്ചാവ് കടത്തുകയായിരുന്നു ഇവർ.
രണ്ടു മാസംമുമ്പ് ഇവർ മമ്പുറത്ത് മുറി വാടകയ്‌ക്കെടുത്ത് കെജിഎൻ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. എന്നാൽ ആരെയും തീർഥാടനത്തിനു കൊണ്ടുപോയില്ല. ആന്ധ്രാപ്രദേശില്‍നിന്ന് ട്രെയിൻമാർഗം കഞ്ചാവെത്തിക്കുന്ന സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ട്രാവൽ ഏജൻസിയിൽ റെയ്ഡ്ചെയ്താണ് പ്രതികളെ അറസ്റ്റ്ചെയ്തത്.
താനൂർ ഡിവൈഎസ്‌പി വി വി ബെന്നി, പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ ജെ ജിനേഷ്, തിരൂരങ്ങാടി എസ്ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ താനൂർ ഡാന്‍സാഫ് സ്ക്വാഡാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..