03 December Friday

കുട്ടികളിലെ കുറ്റകൃത്യം - ചികിത്സവേണ്ടത്‌ സമൂഹത്തിന്‌

സി പ്രജോഷ്‌കുമാർUpdated: Thursday Oct 28, 2021

മലപ്പുറം

പത്താംക്ലാസ്‌ വിദ്യാർഥി കോളേജ്‌ വിദ്യാർഥിനിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പീഡനത്തിരയായ പ്ലസ്‌ടു വിദ്യാർഥിനി യൂട്യൂബ്‌ ചാനൽ നോക്കി പ്രസവമെടുത്തു. രണ്ട്‌ ദിവസത്തിനുള്ളിൽ ജില്ല കേട്ടത്‌ ഞെട്ടിക്കുന്ന രണ്ട്‌ വാർത്തകൾ. കേസിലെ പ്രതികളെയും ഇരകളെയും പ്രതിസ്ഥാനത്തുനിർത്തിയുള്ള ചർച്ചകളാണ്‌ സമൂഹത്തിൽ നടക്കുന്നത്‌. എന്നാൽ, കുട്ടികൾമാത്രമാണോ കുറ്റവാളി. സാമൂഹ്യ ചുറ്റുപാടുകളാണ്‌ അവരെ കുറ്റവാളിയാക്കുന്നത്‌. സമൂഹമാധ്യമങ്ങളിലെ അതിരുവിട്ട ഉപയോഗവും വില്ലനാകുന്നു. കുട്ടികളുടെ മാനസികാരോഗ്യം വളർത്തിയെടുക്കുന്നതിൽ രക്ഷിതാക്കൾക്കും പ്രധാന പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ ഈ രംഗത്തെ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്‌ കൗമാരക്കാരുടെ കാര്യത്തിൽ. കുട്ടികളുടെ സ്വഭാവത്തിൽ കാതലായ മാറ്റം സംഭവിക്കുന്ന ഈ ഘട്ടത്തിൽ ശരിയായ ശ്രദ്ധയും പരിചരണവും  ഇല്ലെങ്കിൽ കുട്ടികൾ വഴിതെറ്റാം.  

വേണം കരുതൽ

കുട്ടികളിൽ കുറ്റവാസനയും ലൈംഗികാസക്തിയും വളർത്തുന്നതിൽ പല ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. സിനിമകൾ, സമൂഹമാധ്യമങ്ങൾ, ലഹരി ഉപയോഗം, ഗെയിമുകൾ എന്നിവ പ്രധാനമാണ്‌. പഠനത്തിലെ പിന്നോക്കാവസ്ഥയും പ്രധാനമാണ്‌. ഇത്തരം കുട്ടികൾ  അശ്ലീല സൈറ്റുകൾക്കും ലഹരിക്കും അടിപ്പെടുന്നു. സ്ഥിരം അശ്ലീല വീഡിയോകൾ കാണുന്ന കുട്ടികളിൽ ലൈംഗികാസക്തി കൂടും. ലഹരി ഉപയോഗവും ലൈംഗികാസക്തി വളർത്തും.  കോവിഡ്‌ കാലത്ത്‌ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതും പ്രശ്‌നമാണ്‌. കുട്ടികൾക്കിടയിൽതന്നെ നിരവധി വാട്‌സ്‌ ആപ്‌ ഗ്രൂപ്പുകളുണ്ട്‌. അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ, ലഹരി എന്നിവയുടെ വിവരങ്ങളാണ്‌  ഇതിൽ പ്രധാനമായും കൈമാറ്റം ചെയ്യുന്നത്‌.  കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമമാണ്‌ മറ്റൊന്ന്‌. ചെറുപ്പത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിരയാകുന്ന കുട്ടികളിൽ അക്രമവാസന വളരുക സ്വാഭാവികമാണ്‌.                                                                                    കെ പി ഷാജി 
                (ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡ്‌ മുൻ അംഗം, 
                                                        സൈക്കോളജിസ്‌റ്റ്‌) 

കുറ്റം കുട്ടികളുടേതല്ല

കുട്ടികളെമാത്രം കുറ്റം പറയുന്നത്‌ ശരിയല്ല. നിരവധി ഘടകങ്ങൾ ഇത്തരം സംഭവങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌. കുട്ടികൾ കുറ്റവാളികളായ വാർത്തകളിൽ മാധ്യമങ്ങൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല. കുട്ടികളെ പ്രതിസ്ഥാനത്ത്‌ നിർത്തുന്ന വാർത്തകളാണ്‌ വരുന്നത്‌. ഇത്‌ വലിയ ദോഷംചെയ്യും. മനഃശാസ്‌ത്ര സമീപനത്തിലൂടെ കുട്ടികളുടെ ചിന്താഗതി മാറ്റിയെടുക്കുകയാണ്‌ വേണ്ടത്‌. ഇക്കാര്യത്തിൽ സമൂഹത്തിന്റെ അവബോധം മാറണം.                                                                            ഗീതാഞ്ജലി 
                             (ജില്ലാ ശിശുസംരക്ഷണ ഓഫീസർ)

രക്ഷിതാക്കൾക്കും വേണം 
ബോധവൽക്കരണം

കോവിഡ്‌ കാലത്ത്‌ കുട്ടികളുടെ സാമൂഹ്യബന്ധങ്ങൾ കുറഞ്ഞു. വൈകാരിക പ്രകടനങ്ങൾക്കുള്ള സാധ്യതകൾ അടഞ്ഞു. ഇത്‌ ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്‌. ആസൂത്രിതമായും അല്ലാതെയും കുട്ടികൾ അതിക്രമങ്ങൾക്കിരയാകുന്നുണ്ട്‌. പലതും രക്ഷിതാക്കളുടെ അശ്രദ്ധകൊണ്ട്‌ സംഭവിക്കുന്നതാണ്‌. കുട്ടികളിലെ ചെറിയ കുറ്റവാസനകൾപോലും ശരിയാംവിധം പരിശോധിക്കപ്പെടണം. കുറ്റകൃത്യങ്ങൾ ചെയ്യാനിടയായ സാമൂഹ്യവും കുടുംബപരവുമായ സാഹചര്യങ്ങൾ മനസ്സിലാക്കണം. അതിന്‌ പ്രതിവിധി കണ്ടെത്തണം. സാമൂഹ്യ നീതി വകുപ്പിലും വനിതാശിശുവികസന വകുപ്പിലും ഇത്‌ കണ്ടെത്താൻ നിരവധി പദ്ധതികളുണ്ട്‌. അത്‌ ഉപയോഗപ്പെടുത്തണം.                                                               സമീർ മച്ചിങ്ങൽ 
(സാമൂഹ്യനീതി വകുപ്പ്‌ ജില്ലാ പ്രൊബേഷൻ 
ഓഫീസർ)

സമൂഹമാധ്യമങ്ങളും വില്ലന്മാർ

സമൂഹമാധ്യമങ്ങളുടെ ഉപയോഗം വലിയ പ്രശ്‌നങ്ങളാണ്‌ കുട്ടികളിൽ സൃഷ്ടിക്കുന്നത്‌. അവരുടെ അഭിരുചിയെതന്നെ അത്‌ മാറ്റിമറിക്കുന്നു. യൂട്യൂബ്‌ നോക്കി പെൺകുട്ടി പ്രസവമെടുത്തു എന്നത്‌ ഞെട്ടിക്കുന്നതാണ്‌. സ്വന്തം വീട്ടിൽ പ്രസവം നടന്നിട്ടും രക്ഷിതാക്കൾ അറിഞ്ഞിട്ടില്ലെന്നതും ഗൗരവമുള്ള വിഷയമാണ്‌.                                                      ഷാജേഷ്‌ ഭാസ്‌കർ   (ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top