27 November Sunday

വേണം ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

 മലപ്പുറം

തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ പേവിഷബാധക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു.  ജില്ലയിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പേവിഷബാധ ദിനത്തിൽ പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 29ന് മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിക്കും. തുടർന്ന്‌ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്കും വിൽക്കുന്നവർക്കും പേവിഷബാധ പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ്‌ നടത്തും. ലോക പേവിഷബാധ ദിനത്തിൽ സ്‌കൂളുകളിൽ പേവിഷബാധ പ്രതിരോധ പ്രതിജ്ഞയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കരുതൽ
മൃഗങ്ങളെ പരിപാലിക്കുന്നവർ പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ എത്ര വലിയ മുറിവാണെങ്കിലും ആ ഭാഗം സോപ്പും ധാരാളം  വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകണം. 
ഇത്‌ രോഗാണുബാധ ഒരുപരിധി വരെ തടയാൻ സഹായിക്കും. തുടർന്ന് എത്രയുംവേഗം ആശുപത്രിയിൽ ചെന്ന് ഡോക്ടറുടെ നിർദേശപ്രകാരം പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ് എടുക്കണം.
പ്രതിരോധം
വളർത്തുമൃഗങ്ങൾക്ക്, പ്രത്യേകിച്ച് നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് നൽകണം. നായകൾക്ക് ജനിച്ചശേഷം രണ്ടാം മാസം ആദ്യ ഡോസും മൂന്നാം മാസം രണ്ടാം ഡോസും, തുടർന്ന് എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്‌സിനും നൽകണം.
പ്രതിരോധ കുത്തിവയ്പ് ഊര്‍ജിതമാക്കി
പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ വളർത്തുമൃഗങ്ങളിൽ പ്രതിരോധ കുത്തിവയ്പ് ഊർജിതമാക്കി. സെപ്തംബർ ഒന്നുമുതൽ ഇതുവരെ ജില്ലയിൽ മുന്നൂറിലധികം കുത്തിവയ്പ് ക്യാമ്പുകൾ നടന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി യു അബ്ദുൽ അസീസ് പറഞ്ഞു. 4500  നായകൾക്കും 2500 പൂച്ചകൾക്കും ക്യാമ്പുകൾ വഴി പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി. 
ഓരോ തദ്ദേശസ്ഥാപനങ്ങളിലും വാർഡുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് മുഴുവൻ വളർത്തുനായകൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകാൻ ജില്ലയിലെ മുഴുവൻ വെറ്ററിനറി ഓഫീസർമാർക്കും നിർദേശം നൽകിയെന്ന്‌  ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
ഒഴിവാക്കാം പേവിഷബാധ 
● കടിയേറ്റാൽ എത്ര ചെറിയ മുറിവും അവഗണിക്കരുത്
● പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും അതീവ പ്രാധാന്യം
● കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ്‌ കഴുകുക
● ഉടൻ വാക്‌സിനെടുക്കുക
● കടിയേറ്റ ദിവസവും മൂന്ന്‌, ഏഴ്‌, 28 ദിവസങ്ങളിലും വാക്‌സിൻ എടുക്കണം
ലക്ഷണങ്ങൾ
തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വായു, വെള്ളം എന്നിവയോട് ഭയം അനുഭവപ്പെടാം. സാധാരണ ലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ മൂന്നുമാസം വരെ സമയമെടുക്കും. ചിലപ്പോൾ ഒരാഴ്ച മുതൽ ഒരു വർഷം വരെയുമാകാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top