08 December Thursday
ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിൻ

ശുചിത്വ സഞ്ചാരം

സ്വന്തം ലേഖികUpdated: Wednesday Sep 28, 2022

ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം വകുപ്പ് മലപ്പുറം കോട്ടക്കുന്നിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ്‌

മലപ്പുറം
സഞ്ചാരികളെ വരവേൽക്കാൻ കുന്നും പുഴയും മണൽപരപ്പും ഇനി തെളിഞ്ഞുതന്നെ  നിൽക്കും. ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിനിൽ വേസ്റ്റുകൾ ക്ലീൻ ഔട്ട്‌. ലോക ടൂറിസം ദിനാഘോഷ ഭാഗമായി ടൂറിസം വകുപ്പിന്റെയും ഡിടിപിസിയുടെയും ടൂറിസം ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. 
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കോട്ടക്കുന്ന്‌, നിളയോരം പാർക്ക്, പടിഞ്ഞാറേക്കര ബീച്ച്, അഢ്യൻപാറ വെള്ളച്ചാട്ടം, കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജ്, വണ്ടൂർ ടൗൺ സ്‌ക്വയർ  എന്നിവിടങ്ങളിലാണ്‌ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്‌. കൂടാതെ, വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ്‌ മോബ്‌, കൈറ്റ്‌ ഫെസ്റ്റ്‌ തുടങ്ങിയ കൾച്ചറൽ പരിപാടികളും സംഘടിപ്പിച്ചു. റീതിങ്കിങ് ടൂറിസം എന്ന ആശയം പകർന്നാണ് ഇത്തവണ ലോക ടൂറിസം ദിനം ആചരിക്കുന്നത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്ന് പാർക്കിൽ എഡിഎം എൻ എം മെഹറലി നിർവഹിച്ചു. ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര അധ്യക്ഷനായി. ഗവ. കോളേജ് ടൂറിസം ആൻഡ്‌ ഹോട്ടൽ മാനേജ്മെന്റ് വിഭാഗം തലവൻ മൊയ്തീൻകുട്ടി കല്ലറ, പാർക്ക് മാനേജർ അൻവർ, ഷാമിൽ തറയിൽ എന്നിവർ സംസാരിച്ചു. 
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജും സംയുക്തമായി കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. വിദ്യാർഥികൾ പാർക്കും പരിസരവും ശുചീകരിച്ചു. മലപ്പുറം ഗവ. കോളേജിലെയും അത്താണിക്കൽ എംഐസി കോളേജിലെയും ടൂറിസം ക്ലബ് അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സമാപന പരിപാടിയിൽ കോട്ടക്കുന്ന് പാർക്കിൽ ഭിന്നശേഷിക്കാരുടെ ഒത്തുകൂടലും കൊണ്ടോട്ടി ഗവ. കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top