14 August Friday

കവളപ്പാറയിൽ 15 വീടുകളുടെ കൈമാറ്റം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
വണ്ടൂർ
കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടൽ കണ്ണീർപ്പൊട്ടാക്കി അവശേഷിപ്പിച്ച കവളപ്പാറയിൽ 15 കുടുംബങ്ങൾക്ക്‌ നിർമിച്ച വീടുകൾ ഞായറാഴ്‌ച കൈമാറും. വീട് നഷ്ടപ്പെട്ടവർക്ക് നെക്സ് ഖത്തർ ചെയർമാൻ അരീക്കോട് കുനിയിൽ അഹമ്മദ് ഇഖ്ബാൽ നൽകിയ സ്ഥലത്ത്‌ ജ്യോതി ലബോറട്ടറീസ്‌ നിർമിച്ച വീടുകളുടെ താക്കോൽദാനമാണ്‌ ഞായറാഴ്ച പകൽ 11ന്‌ മന്ത്രി കെ ടി ജലീലും മജീഷ്യൻ ഗോപിനാഥ്‌ മുതുകാടും ചേർന്ന് നിർവഹിക്കുന്നത്‌. 
‌വണ്ടൂർ പഞ്ചായത്തിലെ കാരാട്ടാണ്‌ ടെറസ്‌ വീടുകൾ പണിതത്‌. കഴിഞ്ഞ  പ്രളയകാലത്തെ ഉരുൾപൊട്ടലിൽ പ്രദേശമാകെ ഒലിച്ചുപോയിരുന്നു.  ജീവനാേപാധികളടക്കം സർവതും നഷ്ടപ്പെട്ടവർ സർക്കാർ അഭയകേന്ദ്രങ്ങളിലായി.  ഇവർക്ക്‌
സാന്ത്വനസ്പർശവുമായി  ഗോപിനാഥ് മുതുകാട്‌ പരിപാടി അവതരിപ്പിച്ചിരുന്നു. ഇത്‌  പ്രവാസിയായ അരീക്കോട് സ്വദേശി കുനിയിൽ അഹമ്മദ് ഇഖ്ബാൽ കണ്ടതാണ്‌ വഴിത്തിരിവായത്‌. കവളപ്പാറയിൽ വീടും സ്ഥലവും നഷ്ടപ്പെട്ട എത്ര പേർക്ക് വേണമെങ്കിലും വീട് വയ്ക്കാൻ സ്ഥലം നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഇതറിഞ്ഞ ജ്യോതി ലബോറട്ടറീസ്  15 വീടുകൾ സൗജന്യമായി നിർമിക്കാമെന്നേൽക്കുകയായിരുന്നു. 2019 ഒക്ടോബർ അഞ്ചിനാണ്‌ തറക്കല്ലിട്ടത്‌.  ഒന്നര ഏക്കറിൽ അതിവേഗം വീടുകളൊരുങ്ങി. 
പഞ്ചായത്ത് ഭരണാധികാരികൾ,   പി വി അൻവർ എംഎൽഎ, ജില്ലാ ഭരണവിഭാഗം, മുതുകാടിന്റെയും കുനിയിൽ അഹമ്മദ് ഇഖ്ബാലിന്റെയും സുഹൃത്തുക്കളായ മുജീബ് ഗഫൂർ കല്ലിങ്ങൽ, രാജേന്ദ്രൻ കളരിക്കൽ എന്നിവരെല്ലാം ചേർന്നാണ്‌ നടപടികൾ പൂർത്തീകരിച്ച്‌ വീടുകളൊരുക്കിയത്‌. മാർച്ചിൽ കൈമാറാനായിരുന്നു തീരുമാനം. ലോക്ക് ഡൗൺമൂലം നീണ്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top