അങ്ങാടിപ്പുറം
തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ഇന്ന്. വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് മനംകുളിർക്കുന്ന 11 രാപകലുകളാണ് ഇനി അങ്ങാടിപ്പുറത്ത്. പൂരനാളുകളിലെ ഏറ്റവും ആകർഷകമായ പുറപ്പാടെഴുന്നള്ളിപ്പ് കാണാനായി പതിനായിരങ്ങളാണ് പൂരം പുറപ്പാട് ദിവസം ക്ഷേത്രനഗരിയിലെത്തുക.
രാവിലെ ഒമ്പതിന് ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വള്ളുവക്കോനാതിരിയും സാമന്തന്മാരും ചാവേർ ഭടന്മാരെ അനുസ്മരിപ്പിക്കുന്ന യോദ്ധാക്കളും എഴുന്നള്ളിപ്പിൽ അണിനിരക്കും. ആലിക്കൽ, വായില്യാംകുന്ന്, കോങ്ങാട് ദേവിമാരുടെ പ്രതിനിധികളായി കോമരങ്ങളും പുറപ്പാടെഴുന്നള്ളിപ്പിന് മാറ്റുകൂട്ടും.
ചൊവ്വ രാവിലെ എട്ടിന് നങ്ങ്യാർകൂത്തും കൂത്തുപുറപ്പാടും നടക്കും. 8.30ന് പന്തീരടി പൂജക്കുശേഷം 10നാണ് പൂരം പുറപ്പാടെഴുന്നള്ളിപ്പ്. വടക്കെ നടയിറങ്ങി ആറാട്ടുകടവിൽ ആദ്യ ആറാട്ടും നടക്കും. 11ന് ആറാട്ടുകഴിഞ്ഞ് ചെറുശേരി കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. വൈകിട്ട് നാലിന് ക്ഷേത്രാങ്കണത്തിൽ ഓട്ടൻതുള്ളൽ, 5.30ന് നാദസ്വരം, പാഠകം. രാത്രി 7ന് പനമണ്ണ ശശിയും കല്ലൂർ ഉണ്ണിക്കൃഷ്ണനും ചേർന്നുള്ള ഡബിൾ തായമ്പകക്കുശേഷം കേളി കൊമ്പ് പറ്റ്. 9.30ന് വെടിക്കെട്ടിനുശേഷം തായമ്പകയും പാണ്ടിമേളത്തോടെ കൊട്ടിക്കയറ്റവും അത്താഴപൂജയും ശ്രീഭൂതബലിയും കളംപാട്ടും നടക്കും.
പൂരാഘോഷം വിളംബരംചെയ്ത് ക്ഷേത്രനഗരിയിൽ ഘോഷയാത്ര നടത്തി. കല്യാണി കല്യാണമണ്ഡപത്തിൽനിന്നും ആരംഭിച്ച ഘോഷയാത്ര പൂരപ്പറമ്പിൽ സമാപിച്ചു.
വൈകിട്ട് തിരുമാന്ധാംകുന്ന് ക്ഷേത്രാങ്കണത്തിൽ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജിതേഷ് നാരായണനും ചിത്ര അരുണും ഭക്തിഗാനമേള അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..