26 May Tuesday

വിശപ്പകലുമ്പോൾ ചിരിപ്പൂക്കൾ

ആദർശ്‌ ജോസഫ്‌Updated: Saturday Mar 28, 2020

മലപ്പുറം കോട്ടപ്പടി ഗവ. എൽപി സ്കൂളിൽ തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളിക്കൾക്കുമായി ഒരുക്കിയ ക്യാമ്പിൽ ഭക്ഷണം കിട്ടിയപ്പോൾ നാഗരാജന്റെ സന്തോഷം

മലപ്പുറം
""രണ്ട്‌ നാളാ എതുവും സാപ്പുടലേ...ഇപ്പോതാ സാപ്പാട്‌  കെടച്ചത്‌... റൊമ്പ സന്തോസമാർക്ക്‌ '' കോട്ടപ്പടി എൽപി സ്‌കൂളി‌ലെ ക്യാമ്പിൽനിന്ന്‌ ഭക്ഷണം കൈനീട്ടി വാങ്ങുമ്പോൾ നാഗരാജ്‌ വെളുക്കെ ചിരിച്ചു. സന്തോഷത്താൽ അയാളുടെ കണ്ണ്‌ നിറഞ്ഞിരുന്നു,  ശബ്‌ദം ഇടറി..  തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കുമായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം  ആരംഭിച്ച ക്യാമ്പിൽ വെള്ളിയാഴ്‌ചയാണ്‌ നാഗരാജ്‌ എത്തിയത്‌. 
തമിഴ്‌നാട്ടിൽനിന്ന്‌ തൊഴിൽതേടി നാഗരാജും സുഹൃത്തുക്കളും മലപ്പുറത്ത്‌ എത്തിയിട്ട്‌ ദിവസങ്ങളായി. തൊഴിൽ തേടി അലയുന്നതിനിടെയാണ്‌ കോവിഡ്‌ –-19 തുടർന്ന്‌ രാജ്യത്ത്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നത്‌. 
ഭക്ഷണം ലഭിക്കാതെ തെരുവിൽ കഴിഞ്ഞിരുന്ന ഇവർ മൂന്ന്‌ ദിവസമായി വെള്ളവും പഴവുംമാത്രമാണ്‌ കഴിച്ചിരുന്നത്‌. മലപ്പുറം മുനിസിപ്പാലിറ്റി ഒരുക്കിയ ക്യാമ്പിൽ ഡിവൈഎഫ്‌ഐ കോട്ടപ്പടി മേഖലാ കമ്മിറ്റി  നേതൃത്വത്തിലാണ്‌  ഇവരെ എത്തിച്ചത്‌. തെരുവിൽ കഴിയുന്നവരും  ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിൽ തേടിയെത്തിയവരുമായ മുപ്പതോളംപേർ ക്യാമ്പിലുണ്ട്‌. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി  നേതൃത്വത്തിൽ വെള്ളിയാഴ്‌ച രാവിലെ ക്യാമ്പിൽ ഭക്ഷണം വിതരണംചെയ്‌തു. ക്യാമ്പിലെ മുഴുവൻപേർക്കും മാസ്‌കും  സാനിറ്റൈസറും നൽകി.
പ്രധാന വാർത്തകൾ
 Top