സൈനിക സേവാ
പുരസ്കാരങ്ങൾ നേടി
3 പരപ്പനങ്ങാടി സ്വദേശികള്‍
പരപ്പനങ്ങാടി
രാഷ്ട്രപതിയുടെ സൈനിക സേവാ പുരസ്കാരങ്ങൾ നേടിയവരിൽ മൂന്നുപേർ പരപ്പനങ്ങാടി സ്വദേശികള്‍. മേജർ ജനറൽ കെ നാരായണൻ, ലെഫ്നന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ, അസം റൈഫിൾസ് കമാൻഡന്റ് എം ശശീന്ദ്രൻ എന്നിവരാണ് പരപ്പനങ്ങാടിക്ക് അഭിമാനമായത്.
മേജർ ജനറൽ കെ നാരായണൻ അതിവിശിഷ്ടസേവ മെഡലിനാണ് അർഹനായത്. അതും രണ്ടാം തവണ. 2021ലാണ് ആദ്യ ബഹുമതി. പരപ്പനങ്ങാടി കൊടപ്പാളി വൃന്ദാവനിൽ പി എസ് കൃഷ്ണന്റെയും വസന്തയുടെയും മകൻ. 2019ൽ സേനാ മെഡലിനും അർഹനായിട്ടുണ്ട്. ഭാര്യ: രേവതി നാരായൺ. മകൾ: രോഹിണി.
പ്രദീപ് ചന്ദ്രൻ നായർ പരം വിശിഷ്ട സേവാ മെഡലിനാണ് അർഹനായത്. കോഴിക്കോട് പന്തിരാങ്കാവ് മുതുവനത്തറ സ്വദേശിയാണെങ്കിലും മാതൃവീട് പരപ്പനങ്ങാടിയിലാണ്. 'മകീര്യ'ത്തിൽ ചന്ദ്രൻ നായരുടെയും നെടുവചോനാം കണ്ടത്തിൽ ലീലയുടെയും മകൻ. ഡൽഹി സെൻട്രൽ സ്കൂൾ അധ്യാപിക പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ. അതിവിശിഷ്ട സേവാ മെഡലും യുദ്ധസേവാ മെഡലും നൽകി നേരത്തെ രാജ്യം ആദരിച്ചു. ആർമി റിക്രൂട്ട്മെന്റ് ബോർഡ് ഡയറക്ടർ ജനറലായതിനുശേഷമാണ് അസം റൈഫിൾസ് തലവനായത്.
അസം റൈഫിൾസ് കമാൻഡന്റ് എം ശശീന്ദ്രനെ വിശിഷ്ട സേവാ മെഡൽ നൽകിയാണ് രാജ്യം ആദരിച്ചത്. പരപ്പനങ്ങാടി കൊടപ്പാളി പരേതനായ മറ്റത്താട്ടിൽ വാസുവിന്റെയും സുശീലയുടെയും മകനാണ്. അസം റൈഫിൾസിന്റെ ഷില്ലോങ് ഹെഡ് ക്വാർട്ടറിലാണ് സേവനം. ഭാര്യ: പുഷ്പ. മക്കൾ: രേഷ്മ, ശിൽപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..