27 March Monday

കളിവിളക്കിനു മുമ്പിൽ പകര്‍ന്നാടി ഹസനത്തും ഷഹനത്തും

സ്വന്തം ലേഖകന്‍Updated: Saturday Jan 28, 2023

ഹസനത്ത് മറിയവും ഷഹനത്ത് മറിയവും അരങ്ങിൽ

 
കോട്ടക്കൽ 
വിശ്വംഭരക്ഷേത്രത്തിന്റെ കളിവിളക്കിനു മുമ്പിൽ കൃഷ്ണവേഷം പകർന്നാടി അരങ്ങേറ്റം കുറിച്ച്‌ ഹസനത്ത് മറിയം. കൂടെ ചുവടുവച്ച് ബലരാമനായി ഇരട്ട സഹോദരി ഷഹനത്ത് മറിയവും. വൈദ്യരത്നം പി എസ് വാരിയരുടെ ശ്രാദ്ധദിനമായ വ്യാഴാഴ്ച ക്ഷേത്രാങ്കണത്തിലെ കർണശപഥം കഥകളിയുടെ പുറപ്പാടിലാണ് ഇരുവരും ചുവട് വച്ചത്. ആട്ടം കാണാൻ നിരവധി പേരാണെത്തിയത്. 
കോട്ടക്കൽ കാവതികളം ചെരട ഹസ്സൻകുട്ടിയുടെയും  ഷക്കീലയുടെയും മക്കളാണ് ഇരുവരും. കോട്ടക്കൽ രാജാസ് ഹയർ സെക്കന്‍ഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. കർണശപഥത്തിൽ ഹരികുമാർ, മനോജ്, ദേവദാസൻ, കലാമണ്ഡലം ശിബി ചക്രവർത്തി, രാജു മോഹൻ എന്നിവർ യഥാക്രമം ദുര്യോധനൻ, ഭാനുമതി, കർണൻ, ദുശ്ശാസനൻ, കുന്തി എന്നിവരുടെ വേഷമിട്ടു. കോട്ടക്കൽ നാരായണന്റെ നേതൃത്വത്തിൽ പാട്ട്, പ്രസാദ് കുമാറിന്റെ നേതൃത്വത്തിൽ ചെണ്ട, രവീന്ദ്രന്റെ നേതൃത്വത്തിൽ മദ്ദളം, സതീശന്റെ നേതൃത്വത്തില്‍ ചുട്ടി എന്നിവ കൈകാര്യം ചെയ്തു.
ഈ വർഷത്തെ കോട്ടക്കൽ കൃഷ്ണൻകുട്ടി നായരാശാൻ ഷഷ്ട്യബ്ധപൂർത്തി ആഘോഷ എൻഡോവ്മെന്റ് അവാർഡ് കലാമണ്ഡലം ശിബി ചക്രവർത്തിക്ക് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി എം വാര്യർ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top