29 February Saturday

തളരുന്നതെങ്ങനെ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

സർഫുദ്ദീൻ മലപ്പുറം കുന്നുമ്മലിൽ പ്രതിജ്ഞയെടുക്കുന്നു

മലപ്പുറം
രാജ്യത്തെ വെട്ടിമുറിയ്‌ക്കുന്ന കരിനിയമത്തിനെതിരെ ആത്മബലത്തിന്റെ കരുത്തിൽ ആലുങ്ങൽ സർഫുദ്ദീൻ. എൺപത്‌ ശതമാനം ശരീരം തളർന്നിട്ടും നാടിന്റെ നന്മ കാക്കാൻ സമരമുഖത്ത്‌ അണിചേർന്നു. 
‘നിങ്ങൾ തരുന്ന സന്തോഷവും പുഞ്ചിരിയുമാണ് എന്റെ ബലം. അത് മായുന്നത് എനിക്ക് താങ്ങാനാവുന്നതല്ല. തുടരണം ഇവിടെ സഹകരണവും ഐക്യവും‘–-സർഫുദ്ദീൻ പറഞ്ഞു. മലപ്പുറം കുന്നുമ്മലിൽ പെട്ടിക്കട നടത്തുകയാണ്‌ ഇദ്ദേഹം. 35 വർഷം പഴക്കമുണ്ട് കച്ചവടത്തിന്‌. 
ദിവസവും അവിടെ വരുന്നവരുടെ കൊച്ചുവർത്തമാനവും സ്നേഹവുമാണ്‌ വലുത്‌. അത് നിലനിർത്താൻ ജനകോടിയിൽ തീർത്ത മഹാശൃംഖലയ്ക്ക് കഴിയും–- സർഫുദ്ദീൻ പറഞ്ഞു.
 
പൗരത്വ നിയമം അപക്വം: 
ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ
മലപ്പുറം
പൗരത്വ ഭേദഗതി നിയമം അപക്വമെന്ന്‌ ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ. ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നടപ്പാക്കിയ ഭരണഘടനാവിരുദ്ധമായ നിയമമാണിത്‌. 
മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരായ മഹത്തായ സമരമാണ്‌ മനുഷ്യ മഹാശൃംഖല. സ്വാതന്ത്ര്യ സമര പോരാളികളുടെ രക്തത്താൽ എഴുതിയതാണ്‌ ഭരണഘടന. ജാതി–-മത വേർതിരിവില്ലാതെ എല്ലാ ഇന്ത്യക്കാരും ചേർന്ന്‌  പ്രവർത്തിച്ചതിന്റെ ഫലമാണ്‌ ഇന്ത്യയുടെ വികസനം. ഏതെങ്കിലും നിയമം നടപ്പാക്കിയാൽ തകരുന്നതല്ല ഇന്ത്യയുടെ മതേതരത്വമെന്നും അദ്ദേഹം പറഞ്ഞു.
 
ഭരണഘടനയാണ്‌ ഇന്ത്യയുടെ സമ്പത്ത്‌: 
ഇ പി അഷ്‌റഫ്‌ ബാഖവി
മലപ്പുറം
രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനയെ തകർത്തുകൊണ്ടാണ്‌ ബിജെപി ഭരണം തുടരുന്നതെന്ന്‌ ഇ പി അഷ്‌റഫ്‌ ബാഖവി. സൈനിക ശക്തിയോ ആയുധശേഖരമോ അല്ല ഭരണഘടനയാണ്‌ ഇന്ത്യയുടെ സമ്പത്ത്‌. കേന്ദ്ര സർക്കാർ ഭരണഘടനയെ മുറിവേൽപ്പിക്കുകയാണ്‌. വിദേശ രാജ്യങ്ങൾക്ക്‌ മുന്നിൽ ഇന്ത്യയെ അപമാനിച്ചു. ഇതിനെതിരെ രാഷ്‌ട്രീയ, മത വ്യത്യാസങ്ങളില്ലാതെ പോരാട്ടം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top