08 December Wednesday

കോളേജ്‌ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ *ശ്രമം; 10--–ാംക്ലാസുകാരൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

മലപ്പുറം
കൊണ്ടോട്ടി കൊട്ടുക്കര കോടങ്ങാട്ടിൽ പട്ടാപ്പകൽ കോളേജ്‌ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പത്താംക്ലാസുകാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ നാട്ടുകാരനും ജില്ലാ ജൂഡോ ചാമ്പ്യനുമായ പ്രതി കുറ്റം സമ്മതിച്ചു.
വധശ്രമത്തിനും ബലാത്സംഗശ്രമത്തിനും കേസെടുത്തു. തിങ്കളാഴ്ച പകൽ രണ്ടരയോടെയാണ്‌ സംഭവം. പഠനാവശ്യത്തിനായി വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടിയെ പ്രതി പിറകിലൂടെ വന്ന്‌ കടന്നുപിടിക്കുകയായിരുന്നു.
വായ പൊത്തിയശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്ക്‌ മതിലിനുമുകളിലൂടെ തള്ളിയിട്ടു. പിന്നാലെ ഇറങ്ങി വലിച്ചിഴച്ചുകൊണ്ടുപോയി ആക്രമിച്ചു. പെൺകുട്ടി ശക്തമായി പ്രതികരിച്ചപ്പോൾ കല്ലുകൊണ്ട്‌ പലവട്ടം തലയ്‌ക്കടിച്ചു. കൈകൾ പിറകിലാക്കി കെട്ടിയശേഷം ഷാൾ വായിൽ തിരുകിയായിരുന്നു പീഡനശ്രമം. കുതറിമാറിയ പെൺകുട്ടി ഇയാളെ കല്ലുകൊണ്ട് ഇടിച്ചശേഷം സമീപത്തെ വീട്ടിലേക്ക്‌ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പ്രദേശത്ത്‌ തിരച്ചിൽ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.
തുടർന്ന്‌ പൊലീസെത്തി സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ്‌ കുട്ടിയാണ്‌ പ്രതിയെന്ന്‌ തിരിച്ചറിഞ്ഞത്‌. വെളുത്ത്‌ തടിച്ച്‌ മീശയില്ലാത്ത ആളാണെന്ന്‌ പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇയാളുടെ ചെരിപ്പും ഇവിടെനിന്ന്‌ ലഭിച്ചു. ചൊവ്വാഴ്‌ച ഉച്ചയോടെ വീട്ടിൽനിന്ന്‌ കസ്റ്റഡിയിലെടുത്ത പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. മഞ്ചേരി ജുവനൈൽ ജസ്‌റ്റിസ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട്‌ ജുവനൈൽ നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി.
നായ ഓടിച്ചപ്പോൾ *പരിക്കേറ്റതെന്ന്‌ പ്രതി
പെൺകുട്ടിയുടെ പ്രത്യാക്രമണത്തിൽ പ്രതിയുടെ തലയ്‌ക്കും ചുണ്ടിനും പരിക്കേറ്റിരുന്നു. നായ ഓടിച്ചപ്പോൾ പരിക്ക്‌ പറ്റിയതാണെന്നാണ് ഇയാൾ പൊലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട്‌ കുറ്റം സമ്മതിക്കുകയായിരുന്നു. മലപ്പുറത്തുനിന്ന്‌ ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവ്‌ ശേഖരിച്ചിട്ടുണ്ട്‌.
ജില്ലാ പൊലീസ് മേധാവി എസ്‌ സുജിത്‌ ദാസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്‌റഫും  സംഘവും നടത്തിയ പഴുതടച്ച അന്വേഷണമാണ്‌ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനായത്. കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ചൊവ്വാഴ്ച ആശുപത്രി വിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top