10 June Saturday

സ്‌നേഹത്തിന്റെ വലനെയ്ത്...

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കളിയാട്ടത്തിന് വീശുവല വിൽപ്പനക്കെത്തിയ കുഞ്ഞുമുഹമ്മദ് ഹാജിയും മകൻ അബ്ദുൾ സമദും

തിരൂരങ്ങാടി
സ്‌നേഹത്താൽ നെയ്‌തെടുക്കുന്ന വലകൾ, അതുമായി മുടക്കമില്ലാതെ കളിയാട്ടത്തിനെത്തുന്ന കുഞ്ഞുമുഹമ്മദ്‌ ഹാജി. മൂന്നിയാർ കളിയാട്ടത്തിലെ നിത്യസാന്നിധ്യമാണ്‌ എ ആർ നഗർ കൂനാരിതൂമ്പത്ത്‌ കുഞ്ഞുമുഹമ്മദ്‌ ഹാജിയും അദ്ദേഹത്തിന്റെ വീശുവലകളും. ഉപജീവനമാർഗമല്ലാഞ്ഞിട്ടും വീശുവലയുമായി കളിയാട്ടത്തിനെത്തുന്ന പതിവ്‌ കുഞ്ഞുമുഹമ്മദ്‌ വർഷങ്ങളായി തെറ്റിക്കാറില്ല. 
പ്രവാസിയായിരുന്നപ്പോൾപോലും തുടർന്നുവന്ന ശീലമാണത്‌. വിദേശ കമ്പനിയിൽ ജോലി ചെയ്‌തിരുന്നപ്പോഴും ഒഴിവുസമയത്ത്‌ വലനെയ്‌തു. നാട്ടിലേയ്‌ക്ക്‌ വരുമ്പോൾ ഇതും കൂടെയുണ്ടാകും. കൈകൊണ്ട് നെയ്‌തെടുക്കുന്ന വലയ്‌ക്ക്‌ വയനാട്ടിൽനിന്നെത്തുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സ്ഥിരം ആവശ്യക്കാരുണ്ട്‌.  കളിയാട്ടത്തിനുമാത്രമാണ്‌ വിൽപ്പനയെങ്കിലും വീട്ടിലെത്തുന്നവരെ മടക്കാറുമില്ല. 
പ്രവാസജീവിതം അവസാനിപ്പിച്ചശേഷം കൃഷിയാണ് കുഞ്ഞുമുഹമ്മദ് ഹാജിയുടെ പ്രധാന ജോലി. കളിയാട്ടത്തിലെ വലവിൽപ്പനയ്‌ക്ക്‌ അറിവുവച്ച കാലംമുതൽ മകൻ അബ്ദുൾ സമദും കൂടെയുണ്ട്‌. ഇത്തവണയും ആ പതിവ്‌ തെറ്റിയില്ല. 
നിലവിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌ ഡോ. കെ ടി അബ്ദുൾ സമദ്‌. സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗവും എ ആർ നഗർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരിക്കെയാണ് ജോലി ലഭിച്ചത്. ഇതോടെ സജീവ രാഷ്ടീയത്തിന് അവധി നൽകി. ഭാര്യ ഷരീക്കത്ത് ചാത്തമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപികയാണ്. ദിഹൻ ബഹ്സറാണ് മകൻ. ഇത്തവണ കുഞ്ഞുമുഹമ്മദ് ഹാജിയോടൊപ്പം വലവിൽപ്പനയ്‌ക്ക്‌ പേരക്കുട്ടികളായ റബിനും ഫെബിനും എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top