കൊണ്ടോട്ടി
പത്രപ്രവർത്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ റസാഖ് പയമ്പ്രോട്ടി (56)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ പഞ്ചായത്ത് ഓഫീസിലെ കുടുംബശ്രീ, സിഡിഎസ് കൗണ്ടറിനുസമീപത്താണ് മരിച്ചനിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് മൃതദേഹം കണ്ടത്. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരക മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും നിലവിൽ കമ്മിറ്റി അംഗവുമാണ്.
പ്രദേശത്തെ സ്വകാര്യ പ്ലാസ്‌റ്റിക് കമ്പനിക്കെതിരെ റസാഖ് നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതിൽ പരിഹാരമായിരുന്നില്ല. ഈ പരാതികളെല്ലാം കഴുത്തിൽ കെട്ടിത്തൂക്കിയനിലയിലായിരുന്നു മൃതദേഹം. കൊണ്ടോട്ടി എഎസ്‌പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ പൊതുദർശനത്തിനുവച്ചശേഷം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. അരിമ്പ്ര സ്കൂൾ അധ്യാപിക ഷീജയാണ് ഭാര്യ. പരേതനായ പയമ്പ്രോട്ട് മുഹമ്മദലിയുടെയും ഉമ്മീര്യക്കുട്ടിയുടെയും മകനാണ്.
വര, കൊണ്ടോട്ടി ടൈംസ് എന്നിവയുടെ പത്രാധിപരായിരുന്നു. വർത്തമാനം ദിനപത്രത്തിന്റെ കോ–-ഓർഡിനേറ്റിങ് എഡിറ്ററായും ദീപിക, കേരള ഭൂഷണം പത്രങ്ങളിലും ഗ്രാമാങ്കണം പ്രാദേശിക പത്രത്തിന്റെ മുഖ്യ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ, കണ്ണീരിന്റെ ഈണത്തെ ഇങ്ങനെ വിളിക്കാം, മലബാറിന്റെ ബൈലൈൻ, സംകൃത പമഗിരി തുടങ്ങി പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്.
സിപിഐ എം അനുശോചിച്ചു
മലപ്പുറം
പത്രപ്രവർത്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ റസാഖ് പയമ്പ്രോട്ടിന്റെ വേർപാട് അത്യന്തം നിർഭാഗ്യകരമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അനുശോചന കുറിപ്പിൽ പറഞ്ഞു. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്‌മാരക മാപ്പിളകലാ അക്കാദമിയുടെ വളർച്ചയിൽ റസാഖ് വിലപ്പെട്ട പങ്കുവഹിച്ചു.
സാംസ്‌കാരിക രംഗത്തെയും പൊതുരംഗത്തെയും സംഭാവനകൾ എന്നും സ്‌മരിക്കപ്പെടും–- ഇ എൻ മോഹൻദാസ് പറഞ്ഞു. റസാഖ് പയമ്പ്രോട്ടിന്റെ നിര്യാണത്തിൽ സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി എൻ പ്രമോദ്‌ദാസ് അനുശോചിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..