22 September Sunday

തീയണക്കാം, ആധിയില്ലാതെ

സ്വന്തം ലേഖകൻUpdated: Monday Aug 26, 2019

ഫയർ ഫൈറ്റിങ് ഷൂട്ട് അണിഞ്ഞ അഗ്നിരക്ഷാസേനാംഗം

 
മലപ്പുറം
എടവണ്ണയിൽ പെയിന്റ്‌ കടയ്‌ക്ക്‌ തീപിടിച്ചത്‌ മലപ്പുറം അഗ്നിരക്ഷാ സേനാംഗങ്ങൾക്ക്‌ വലിയ വെല്ലുവിളിയായിരുന്നു. അതിസാഹസികമായാണ് അവർ രക്ഷാദൗത്യത്തിനിറങ്ങിയത്‌. എന്നാൽ 15 മീറ്റർ അകലെനിന്ന്‌ തീയണക്കാൻ ശ്രമിച്ച ജീവനക്കാരന്‌ പൊള്ളലേറ്റു. അന്ന്‌ സേനാംഗങ്ങൾ ആഗ്രഹിച്ചതാണ്‌ വിദേശ രാജ്യങ്ങളിലേതുപോലുള്ള ആധുനിക ഉപകരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലെന്ന്‌. അതിപ്പോൾ സഫലം. ചൂട് പ്രതിരോധക്കുപ്പായവും ഹെൽമെറ്റും  ബൂട്ടുമടക്കം ആധുനിക സുരക്ഷാ  ഉപകരണങ്ങൾ മലപ്പുറത്തുമെത്തി.
തന്നെ കാണാനെത്തിയ ഫയർ ഫോഴ്‌സ്‌ അസോസിയേഷൻ നേതാക്കളോട് തീയണക്കുമ്പോൾ പ്രത്യേക യൂണിഫോം ധരിക്കാറുണ്ടോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യമാണ്‌ വഴിത്തിരിവായത്‌. ഇല്ലെന്നായിരുന്നു മറുപടി. അതുപോരല്ലോ, തീരുമാനമുണ്ടാക്കാം എന്നായി മുഖ്യമന്ത്രി. ഉടൻ നടപടിയും വന്നു. ചൂട് പ്രതിരോധക്കുപ്പായമെത്തി. തീനാളങ്ങളെ ഭയക്കാതെ അഗ്നിരക്ഷാ ദൗത്യവുമായി സേനക്കിനി മുന്നോട്ടുപോകാം. 
1500 പ്രതിരോധക്കുപ്പായം സംസ്ഥാനത്ത്‌ വിവിധ ഫയർ സ്‌റ്റേഷനുകളിൽ എത്തി. 1400 ഹെൽമെറ്റ്‌, റെയിൻകോട്ട്‌, ഫയർ സ്യൂട്ട്‌ എന്നിവയുൾപ്പെടെ 30,000 രൂപ വിലവരും. മൂന്ന്‌ ആവരണമുള്ള ഈ കുപ്പായം റേഡിയേഷനും തടയും.  അഗ്നിരക്ഷാ സേനയെ നവീകരിക്കാൻ കഴിഞ്ഞ വി എസ്‌ സർക്കാർ തുടക്കമിട്ട നടപടികളാണ്‌ ഇപ്പോൾ പൂർണമാകുന്നത്‌. പുക ശ്വസിക്കാതെ തീ കെടുത്താൻ ഉപയോഗിക്കാനാകുന്ന ബ്രീതിങ് അപ്പാരറ്റസ്‌,  1200 ലിറ്റർ വെള്ളവും 100 ലിറ്റർ ഫോമും (പത) ചേർത്ത വാട്ടർ ബൗസർ, 7500 ലിറ്റർ വെള്ളവും 750 ലിറ്റർ പതയും ചേർത്ത ഫോം ടെൻഡർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളും മലപ്പുറത്തുണ്ട്‌. 60 മീറ്റർ ദൂരത്തിൽനിന്ന്‌ ഇവ പ്രവർത്തിപ്പിക്കാം.  
  കഴിഞ്ഞ പ്രളയകാലത്ത്‌ നിലമ്പൂരിൽ നൂറുകണക്കിനാളുകളെ രക്ഷിച്ച സ്‌കൂബ വെഹിക്കിൾ ജില്ലക്ക്‌ നേട്ടമാണ്‌. 50 മീറ്റർ  ആഴത്തിൽ വെള്ളത്തിനടിയിൽ സാധാരണഗതിയിൽ ശ്വസനം തുടർന്ന്‌ രക്ഷാ പ്രവർത്തനം സാധ്യമാകും. കംപ്യൂട്ടർ റൂമുകളിലൊക്കെ അഗ്നിയണയ്‌ക്കാൻ വാട്ടർ മിസ്‌റ്റ്‌ ഉപയോഗിക്കാം.  മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, മൊബൈൽ ടാങ്കർ യൂണിറ്റ്‌, ഫോം ടെൻഡർ, എമർജൻസി ടെൻഡർ, വാട്ടർ ബൗസർ, എംയുവി, ആംബുലൻസ്‌, ന്യുമാറ്റിക്‌ ബാഗ്‌, ഹൈഡ്രോളിക്‌ കട്ടർ എന്നിവയുമുണ്ട്‌.
പ്രധാന വാർത്തകൾ
 Top