22 September Sunday

ഇരുട്ടി വെളുത്തപ്പോൾ വീടില്ല...

സ്വന്തം ലേഖകൻUpdated: Monday Aug 26, 2019

പ്രളയത്തിൽ ഇടിഞ്ഞ വീടിന് മുന്നിൽ മൂസക്കുട്ടി

 
അരീക്കോട്
വെള്ളം കയറി തുടങ്ങുമ്പോൾ ഊർങ്ങാട്ടിരി മൂക്കനാട് മുണ്ടോടൻ മൂസക്കുട്ടി ഇത്രയും പ്രതീക്ഷിച്ചില്ല. 
രാത്രി മടിച്ചാണ് അയൽവാസിയുടെ വീട്ടിലേക്ക്‌ മാറിയത്‌.  നേരം പുലർന്നപ്പോൾ വീടിരിക്കുന്ന സ്ഥലത്തേക്ക്‌ നോക്കിയ മൂസക്കുട്ടിയും ഭാര്യ ആമിനയും ഞെട്ടിപ്പോയി. വീട് നിശേഷം നിലംപൊത്തിയിരിക്കുന്നു. 
ഓടിട്ട വീടിന്റെ മേൽക്കൂര തറയിലമർന്നു. ഭിത്തികൾ ഇടിഞ്ഞു. കട്ടിലും ഗൃഹോപകരണങ്ങളും ഒക്കെ ഒടിഞ്ഞു. വീടിനുമുൻവശത്തെ ഭിത്തിമാത്രമേ ബാക്കിയുള്ളൂ. നടുഭാഗം കഴുക്കോലും ഓടും മണ്ണും നിറഞ്ഞ കൂനയായി.  ‘ഒരായുസിന്റെ സമ്പാദ്യം മുഴുവൻപോയി. എനിക്കും ഭാര്യക്കും പ്രായമേറുന്നു. തലകറക്കവും പ്രമേഹവും ഒക്കെയുണ്ട്‌. രക്തസമ്മർദവും കൂടുതലാണ്‌. തൊഴിലെടുത്ത്‌ ഇനിയൊരു വീട് ഉണ്ടാക്കാമെന്ന പ്രതീക്ഷയില്ല’  മൂസക്കുട്ടി പറഞ്ഞു. വീട്ടിലെ പാത്രങ്ങളും വസ്‌ത്രങ്ങളും എല്ലാംപോയി. ഉടുക്കാൻ നല്ല വസ്‌ത്രംപോലും ബാക്കിയില്ല. 
ഊർങ്ങാട്ടിരി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ്‌ മൂസക്കുട്ടിയുടെ വീട്. 100 മീറ്റർ അടുത്താണ്‌ ചാലിയാർ പുഴ. വീടിനടുത്തെ കാരാതോടും പാടവും നിറഞ്ഞ്‌ ഒരാൾപൊക്കത്തിൽ പ്രദേശത്തെ വീടുകൾ മുങ്ങി. മകന്റെ വീട്ടിലേക്ക്‌ തോണിയിലാണ്‌ പോയത്‌. മൂന്ന് പെൺമക്കളുമുണ്ട്‌.
പ്രധാന വാർത്തകൾ
 Top