27 May Wednesday

പെട്രോള്‍ പമ്പുകൾക്കും നിയന്ത്രണം നിയമലംഘനം തടയാൻ വിളിക്കൂ 1077

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

സ്വന്തം ലേഖകൻ
മലപ്പുറം
കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ  144 പ്രഖ്യാപിച്ചതോടെ കർശന നടപടികളുമായി  ജില്ലാ ഭരണകേന്ദ്രം. വിദേശങ്ങളിൽനിന്നെത്തി വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയാൻ നിർദേശം ലഭിച്ചവർ പൊതുസമ്പർക്കം പുലർത്തുന്നത് കണ്ടെത്തിയാൽ പൊലീസ് കേസ് രജിസ്റ്റർചെയ്യും. ഇവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന്‌ കലക്ടർ ജാഫർ മലിക് അറിയിച്ചു. 
  വൈറസ് വ്യാപനം തടയാൻ ജനകീയ പിന്തുണയും വേണം. ആരോഗ്യ ജാഗ്രതാ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വിവരങ്ങൾ 1077 എന്ന നമ്പറിലേക്ക് പൊതുജനങ്ങൾക്ക് വിളിച്ചറിയിക്കാം. 9383464212 എന്ന വാട്ട്‌സാപ്പ് നമ്പറിലേക്ക് ഫോട്ടോകളെടുത്തും അയക്കാം. ഇക്കാര്യത്തിൽ ജില്ലാ ഭരണകേന്ദ്രത്തെ സഹായിക്കുന്നവരെ നാടിന്റെ രക്ഷകരായി പ്രഖ്യാപിക്കുമെന്നും  കലക്ടർ പറഞ്ഞു. എന്നാൽ ഈ നമ്പറുകളിലേക്ക് തെറ്റായ വിവരങ്ങൾ കൈമാറുന്നവർക്കെതിരെ നിയമ നടപടികളുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു.  പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയവും ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെമാത്രമെ പമ്പുകളിൽനിന്ന്‌ ഇന്ധനം ലഭിക്കൂ. മറ്റ് അവശ്യ സർവീസുകൾക്ക് പമ്പുകളുടെ സേവനം മുഴുവൻ സമയവും ലഭ്യമാവും. 
പ്രധാന വാർത്തകൾ
 Top