27 May Wednesday

ഒറ്റപ്പെടൽ നല്ല ലോകത്തിനുവേണ്ടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 

സ്വന്തം ലേഖകൻ 
മലപ്പുറം 
 ‘‘കുറഞ്ഞ കാലത്തേക്ക് നമുക്ക് പരസ്‌പരം കാണാതിരിക്കാം...ഒരു മഹാമാരിയുടെ പകർച്ചയുടെ കണ്ണി പൊട്ടിക്കാൻ–സ്വയംകരുതലിന്റെ ഒറ്റപ്പെടൽ നാടിനുവേണ്ടിയാണെന്ന്‌ വിജീഷ്‌ അഭിമാനത്തോടെ പറയുന്നു. തന്റെ ഹോം ക്വാറന്റൈൽ അനുഭവം നവമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയാണ്‌ ദുബായിയിൽനിന്ന്‌ എത്തിയ ഈ മണ്ണഴി ചേങ്ങോട്ടൂർ സ്വദേശി. സ്വയംസമ്പർക്കവിലക്കിൽനിന്ന്‌ ചാടിപ്പോകുന്നവർക്ക്‌ പാഠമാണ്‌ ഇത്തരം അനുഭവങ്ങൾ. 
എനിയ്‌ക്ക്‌ പറയാനുള്ളത്‌ ശ്രദ്ധിയ്‌ക്കാമോ എന്ന്‌ പറഞ്ഞാണ്‌ വിജീഷിന്റെ കുറിപ്പ്‌. 21നാണ്‌ എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലിറങ്ങിയത്‌.  രോഗലക്ഷണങ്ങൾ ഇല്ല. എന്നാൽ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന അത്ര ദിവസം സാമൂഹിക അകലം പാലിച്ച്‌ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞേ പറ്റൂവെന്ന്‌ തീരുമാനിച്ചു. ‘‘വീട്ടിലേക്ക് വരുന്നതിന്‌ മുമ്പേ കൃത്യമായി പ്ലാനിൽ എത്തിയിരുന്നു. ചങ്ക് ബ്രോസിനോടും വീട്ടുകാരോടും ഒക്കെ വിളിച്ച്‌ സംസാരിച്ചു.  അടിസ്ഥാന വിദ്യാഭ്യാസംമാത്രം ഉള്ള അച്ഛനും അമ്മയ്ക്കും ഒക്കെ ഇതിനെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്നു. ചങ്ക്‌സ് രണ്ട് വാഹനവുമായി എയർപോർട്ടിലെത്തി. ഒരു വാഹനം താക്കോൽ സഹിതം എനിക്ക് സ്വന്തം ഡ്രൈവ് ചെയ്തുവരാൻ റെഡിയാക്കി നിർത്തി അവർ മാറുന്നു. സാധാരണ വിദേശത്തുനിന്ന് വരുമ്പോൾ ഉള്ള കെട്ടിപ്പിടുത്തമോ കൈ തരലോ ഒന്നും ഇല്ല. സംഭാഷണം മുഴുവൻ ഫോണിലൂടെമാത്രം. എവിടെയും നിർത്തൽ ഇല്ല ചായ കുടി ഇല്ല, ഒറ്റ ഡ്രൈവിൽ  വീട്ടിലേക്ക്. വീട്ടിലെത്തി റെഡിയാക്കി വച്ച വെള്ളവും സോപ്പും ഒക്കെ ഉപയോഗിച്ച് നന്നായി കൈയും  മുഖവും ഒക്കെ കഴുകി ഇട്ട വസ്ത്രങ്ങളും ബെൽറ്റും ഷൂവുംവരെ സ്റ്റെറിലൈസ് ചെയ്തു.  മുന്നേക്കൂട്ടി വീട്ടുകാർ റെഡിയാക്കി വച്ച മുകളിലെ മുറിയിലേക്ക്.
ചങ്ങാതിമാരെ എനിക്ക് നിങ്ങളെ, എന്റെ പ്രിയപ്പെട്ടവരെ, എന്റെ നാട്ടുകാരെ എന്നും ഇങ്ങനെ ആരോഗ്യത്തോടെ സന്തോഷത്തോടെ കാണണം. നാളെ സന്തോഷത്തോടെ ഒരുമിച്ച് കൂടാൻ ഇന്ന് അകലം പാലിക്കുക–- വിജീഷ്‌ അവസാനിപ്പിച്ചു.
 
പ്രധാന വാർത്തകൾ
 Top