02 December Wednesday
നിരോധനാജ്ഞ ലംഘിച്ചാൽ നടപടി

4 പേർ അറസ്‌റ്റിൽ; വാഹനം പിടിച്ചെടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
 
സ്വന്തം ലേഖകൻ
മലപ്പുറം 
നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കൊയ്ത്ത് ജോലികൾ ഒഴികെ മുഴുവൻ കരാർ പ്രവൃത്തികളും പൂർണമായി നിർത്തിയതായി  കലക്ടർ ജാഫർ മലിക് അറിയിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാവും. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും  കലക്ടർ അറിയിച്ചു. 
ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരോധനം ലംഘിച്ചതിന് ബുധനാഴ്‌ച നാല് കേസുകളിലായി നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിന് മലപ്പുറം, വഴിക്കടവ്, പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകളിലായി മൂന്നുപേരെ അറസ്റ്റുചെയ്തു. ചായക്കടയിൽ ഭക്ഷണംവിളമ്പിയതിന്  ഒരാളെയും പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റുചെയ്തു. 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു.   കർശന നിയന്ത്രണങ്ങൾ തുടരുമ്പോഴും വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വാർഡ്  ദ്രുതകർമ സേനകൾവഴി ഭക്ഷണലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് ഭക്ഷണ കിറ്റുകളും ആവശ്യമായവർക്ക് പാകംചെയ്ത ഭക്ഷണവും വിതരണംചെയ്യുന്നത്. നിരോധനാജ്ഞ നിലനിൽക്കെ, പുറത്തിറങ്ങാനാവാത്ത നിത്യരോഗികൾക്ക്‌ ഔഷധ വിതരണവും ഉറപ്പാക്കിയതായി  കലക്ടർ അറിയിച്ചു. അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണത്തിനും പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top