27 February Thursday

തിരൂർ വെറ്റിലയിൽനിന്ന് ഔഷധഗുണമുള്ള ഉൽപ്പന്നങ്ങൾ: മന്ത്രി സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

 

തിരൂർ
തിരൂർ വെറ്റിലയിൽനിന്ന്  ഔഷധഗുണമുള്ള  മൂല്യവർധിത ഉൽപ്പന്നങ്ങൾ  നിർമിക്കാൻ  കൃഷി വകുപ്പ്  പ്രോത്സാഹനം നൽകുമെന്ന് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. തിരൂര്‍ വെറ്റിലയ്ക്ക് ലഭിച്ച ഭൗമസൂചികാ പദവിയുടെ വിളംബര ശില്‍പ്പശാലയും അവാർഡ് ദാനവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രാജ്യാന്തര  പ്രശസ്തിയാര്‍ജിച്ചതോടെ തിരൂര്‍ വെറ്റിലയുടെ  വില വര്‍ധിക്കും. ഔഷധ ഗുണമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനായി കാര്‍ഷിക സര്‍വകലാശാലയുടെ സഹായം ലഭ്യമാക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ കർഷകർക്ക് പ്രത്യേക ആനുകൂല്യം നൽകും.  എടയൂര്‍ മുളകുള്‍പ്പെടെ സംസ്ഥാനത്ത് പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന ഉൽപ്പന്നങ്ങളുടെ  ഭൗമസൂചികാ പദവിക്കായി  ശ്രമിക്കുമെന്നും മന്ത്രി  പറഞ്ഞു.
സി മമ്മൂട്ടി എംഎല്‍എ അധ്യക്ഷനായി. ഭൗമസൂചികാ പദവി പത്രം  തിരൂര്‍ വെറ്റില ഉല്‍പ്പാദക സംഘം പ്രസിഡന്റ് ബാവ മൂപ്പനും സെക്രട്ടറി മേലേതില്‍ ബീരാന്‍കുട്ടിക്കും നൽകി. 
തിരൂര്‍ വെറ്റിലയുടെ ലോഗോ പ്രകാശനംചെയ്‌തു. വി അബ്ദുറഹിമാന്‍ എംഎല്‍എ,  നഗരസഭാ ചെയര്‍മാന്‍ കെ ബാവ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി റംല, പഞ്ചായത്ത് പ്രസിഡന്റുമാരായ എം കുഞ്ഞിബാവ, ഫൈസൽ ഇടശേരി, വി പി സുലൈഖ, കെ കെ റഫീഖ്, ബ്ലോക്ക് മെമ്പർ യശോദ കോഴിശേരി, അഡ്വ. പി ഹംസക്കുട്ടി, സി പി കുഞ്ഞിമൂസ, പിമ്പുറത്ത് ശ്രീനിവാസൻ, പിടി ഷഫീഖ്, രാജ് കെ ചാക്കോ  എന്നിവർ സംസാരിച്ചു. എ കെ നാരായണൻ സ്വാഗതവും പി ടി ഗീത നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top