09 December Friday

ട്രാക്കിലും ഫീൽഡിലും ഐഡിയൽ മേളം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ഇതല്ല, ഇതിനപ്പുറവും... സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വര്‍ണം നേടിയ ഐഡിയൽ കടകശേരിയുടെ സി എസ് ദേവിക

 തേഞ്ഞിപ്പലം

ട്രാക്കിലും ഫീൽഡിലും വ്യക്തമായ ആധിപത്യമുറപ്പിച്ച്‌ കടകശേരി ഐഡിയൽ എച്ച്‌എസ്‌എസിന്റെ കുതിപ്പ്‌. മേള രണ്ടുനാൾ പിന്നിടുമ്പോൾ ചിത്രം വ്യക്തം. നിലവിലെ മികച്ച സ്‌കൂളായ ഐഡിയൽ ഇത്തവണയും ആ സ്ഥാനം ആർക്കും വിട്ടുകൊടുക്കില്ലെന്ന്‌ അജയ്യമായി പ്രഖ്യാപിച്ചാണ്‌ മുന്നേറ്റം. 
65 ഇനങ്ങൾ പൂർത്തിയായപ്പോൾ 149 പോയിന്റുമായാണ്‌ ടീമിന്റെ കുതിപ്പ്‌. 23 സ്വർണവും 10 വെള്ളിയും നാല്‌ വെങ്കലവും നേടി. ത്രോയിനങ്ങളിലെ മികച്ച പ്രകടനത്തോടെ ആലത്തിയൂർ കെഎച്ച്‌എം എച്ച്‌എസ്‌എസ്‌ ആണ്‌ രണ്ടാമത്‌. ഒമ്പത്‌ സ്വർണവും മൂന്ന്‌ വെള്ളിയും ആറ്‌ വെങ്കലവുമടക്കം 60 പോയിന്റാണ്‌ സ്‌കൂളിന്റെ സമ്പാദ്യം. മൂന്ന്‌ സ്വർണവും എട്ട്‌ വെള്ളിയും രണ്ട്‌ വെങ്കലവും അടക്കം 40 പോയിന്റുമായി ആർഎംഎച്ച്‌എസ്‌ മേലാറ്റൂർ മൂന്നാമതാണ്‌. സെന്റ്‌ മേരീസ്‌ പരിയാപുരം (28), നാവാമുകുന്ദ എസ്‌എസ്‌എസ്‌ തിരുന്നാവായ (24), സിഎച്ച്‌എം എച്ച്‌എസ്‌എസ്‌ പൂക്കളത്തൂർ (23.5) എന്നിവയാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ. 
 
7 പേർക്ക്‌ ഇരട്ട സ്വർണം
മേള രണ്ട്‌ ദിനം പിന്നിടുമ്പോൾ ഏഴ്‌ താരങ്ങൾ ഇരട്ട സ്വർണം നേടി. സീനിയർ വിഭാഗത്തിൽ കടകശേരി ഐഡിയൽ എച്ച്‌എസ്‌എസിലെ അനുഗ്രഹ അശോകൻ (100 മീ., 400 മീ.), സി എസ്‌ ദേവിക (ലോങ്‌ജമ്പ്‌, ഹൈജമ്പ്‌), മുഹമ്മദ്‌ മുഹസീൻ (ലോങ്‌ജമ്പ്‌, ഹൈജമ്പ്‌), ജൂനിയർ വിഭാഗത്തിൽ ആലത്തിയൂർ എച്ച്‌എസ്‌എസിലെ സി അശ്വിൻ (ജാവലിൻ ത്രോ, ഡിസ്‌കസ്‌ ത്രേ), എം റിദ (ഷോട്ട്‌പുട്ട്‌, ഹാമർ ത്രോ), കടകശേരി ഐഡിയൽ എച്ച്‌എസ്‌എസിലെ റബീഹ്‌ അഹമ്മദ്‌ (400 മീ., 800 മീ.), എം മിഖായേല (100 മീ., 100 മീ. ഹർഡിൽസ്‌), വാഴക്കാട്‌ ജിഎച്ച്‌എസ്‌എസിലെ അഫ്രീന (800 മീ., 3000 മീ.) എന്നിവർ ഇരട്ട സ്വർണനേട്ടം കൈവരിച്ചു. മീറ്റ്‌ വെള്ളിയാഴ്‌ച സമാപിക്കും.
 
ഉപജില്ലകളിൽ 
എടപ്പാൾ കുതിപ്പ്‌ 
ഉപജില്ലകളിൽ ഐഡിയൽ സ്‌കൂളിന്റെ കരുത്തിൽ എടപ്പാൾ മുന്നിട്ടുനിൽക്കുന്നു (171 പോയിന്റ്‌). തിരൂർ ഉപജില്ലയാണ്‌ രണ്ടാമത്‌ (116). കീഴ്‌ശേരി (51.5), മേലാറ്റൂർ (50), മങ്കട (49) ഉപജില്ലകളാണ്‌ തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ. 
 
കടമ്പകൾക്ക്‌ മീതെ 

ഫർസാനയും ഫെബിനും
തേഞ്ഞിപ്പലം
ഹർഡിലുകൾക്ക്‌ മീതെ അനായാസം പറന്നിറങ്ങി കെ ഫർസാനയും ഫെബിൻ കെ ബാബുവും. സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലാണ്‌ മികച്ച പ്രകടനത്തോടെ പൂക്കളത്തൂർ സിഎച്ച്‌എം എച്ച്‌എസ്‌എസിലെ കെ ഫർസാന സ്വർണം നേടിയത്‌. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിലാണ്‌ കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിലെ ഫെബിൻ കെ ബാബുവിന്റെ സ്വർണ നേട്ടം. 
പത്താം ക്ലാസ്‌ വിദ്യാർഥിനിയായ ഫർസാന ജില്ലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിലും സ്വർണം നേടിയിരുന്നു. കരാട്ടെ താരംകൂടിയാണ്‌. സംസ്ഥാന സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവുമായി ബംഗാളിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടിയിട്ടുണ്ട്‌. കാവനൂർ കാരപറമ്പ്‌ പുതിയപറമ്പത്ത്‌ അബ്ദുള്ളയുടെയും ഫസീലയുടെയും മകളാണ്‌. ഒ പി സാദിഖലി, പി റിഷാദ്‌ എന്നിവരാണ്‌ പരിശീലകർ.
ഐഡിയൽ സ്‌കൂളിലെ പ്ലസ്‌ടു കൊമേഴ്‌സ്‌ വിദ്യാർഥിയായ ഫെബിൻ സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ അണ്ടർ 18ല്‍ 110 മീറ്റര്‍  ഹർഡിൽസിൽ സ്വർണം നേടിയിരുന്നു. വയനാട്‌ കേണിച്ചിറി കുന്നാണ്ടത്ത്‌ ബാബു തോമസിന്റെയും ബിന്ദു സെബാസ്‌റ്റ്യന്റെയും മകനാണ്‌. നാലു വർഷമായി ഐഡിയൽ സ്‌കൂളിലെ നതീഷ്‌ ചാക്കോയാണ്‌ പരിശീലകൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top