27 November Saturday

ഞെട്ടിയുണർന്നത്‌ നടുക്കത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
പൊന്നാനി
മൺകട്ടകൊണ്ട് നിർമിച്ച ഓടുമേഞ്ഞ വീട്ടിലെ ഒറ്റമുറിക്കുള്ളിൽ ഭാര്യക്കും മക്കൾക്കുമൊപ്പം കിടന്നുറങ്ങിയ സഫറുള്ള തകർന്നുവീഴുന്ന ഓടുകളുടെ ശബ്ദംകേട്ടാണ്‌ ഞെട്ടിയുണർന്നത്. ഭാര്യയുടെയും മക്കളുടെയും ദേഹത്തേക്ക് വീഴാതിരിക്കാൻ രണ്ട് കൈകൊണ്ടും വീടിന്റെ ഭിത്തി താങ്ങിനിർത്തി നിലവിളിച്ചു. ശബ്‌ദംകേട്ട്‌ ഉണർന്ന ഭാര്യയും മക്കളും എണീറ്റോടാൻ ശ്രമിക്കുമ്പോഴേക്കും തകർന്ന വീണ മൺകട്ടകൾ അവരുടെ ശരീരത്തിലേക്ക് പതിച്ചു.  
ഒരുനിമിഷം മരണംമുന്നിൽകണ്ട എഴാം ക്ലാസ് വിദ്യാർഥി സജ്നയുടെ മനസ്സിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. അപകടത്തിൽ കൈക്ക് ഗുരുതരമായി‌ പരിക്കേറ്റ സജ്‌ന ഭാഗ്യം കൊണ്ടാണ്‌ വൻ ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌. ഉമ്മയെയും ഉപ്പയെയും വിളിച്ച് അലറി കരഞ്ഞങ്കിലും അനങ്ങാനാവാതെ മൺകട്ടകളുടെ ഇടയിലായിരുന്നു. മുഖത്തേക്ക് പതിയാതെ കൈയിലേക്ക് പതിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി. 
രാത്രി പതിനൊന്നായതിനാൽ സമീപവാസികളല്ലാം ഉറക്കത്തിലായിരുന്നു. ഒപ്പം മഴയും. അലർച്ചകേട്ട് അയൽവാസിയായ സുഭാഷും വീട്ടുകാരും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  ഉടൻ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ സ്ഥലം തേടിപ്പിടിച്ച്  ഫയർഫോഴ്സ്‌ സംഘമെത്തി സാഹസികമായി വീടിനുള്ളിൽ കയറി മൺകട്ടകൾ മുറിച്ചുമാറ്റിയാണ്‌ സജ്നയെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തിയത്‌. പൊലീസ് ജീപ്പിൽതന്നെ ആശുപത്രിയിലെത്തിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ അബോധാവസ്ഥയിലായിരുന്നു എല്ലാവരും.
എട്ട് വർഷംമുമ്പാണ് കുടുംബസ്വത്ത് വീതംവച്ച് കിട്ടിയ തുകയും കടംവാങ്ങിയ തുകയും ചേർത്ത്‌ അഞ്ച് സെന്റ്‌ ഭൂമിയും പഴയ മൺകട്ട കൊണ്ട് നിർമിച്ച വീടും വാങ്ങിയത്‌. വീട് തകർന്നതോടെ ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ഓട്ടോ തൊഴിലാളിയായ സഫറുള്ള. ഭാര്യയെയും മക്കളെയുംകൂട്ടി ബന്ധുവീട്ടിലേക്ക് മാറി. സർക്കാരിന്റെ കനിവാണ് ഇവരുടെ പ്രതീക്ഷ. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൗൺസിലർ ബിന്ദു സിദ്ധാർത്ഥൻ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top