09 December Friday

മഞ്ചേരി നഴ്‌സിങ് കോളേജിൽ ഐഎന്‍സി പരിശോധന

സ്വന്തം ലേഖകന്‍Updated: Sunday Sep 25, 2022
 
മഞ്ചേരി
പുതുതായി ആരംഭിക്കുന്ന മഞ്ചേരി നഴ്‌സിങ് കോളേജിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ (ഐഎൻസി) സംഘം പരിശോധന നടത്തി. കോളേജിലെ അടിസ്ഥാന സൗകര്യ വികസനങ്ങളിലും നിർമാണ പ്രവൃത്തികളിലും സംഘം തൃപ്തി രേഖപ്പെടുത്തി. കർണാടക യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള പ്രൊഫസർമാരുടെ നേതൃത്വത്തിലായിരുന്നു രണ്ടു ദിവസത്തെ പരിശോധന. 
വെള്ളിയാഴ്ച രാവിലെ കോളേജിൽ എത്തിയ സംഘം അക്കാദമിക കെട്ടിടം, പരിശീലനം നൽകാനുള്ള ആശുപത്രി, അനുബന്ധ സൗകര്യങ്ങൾ, ലാബ്, ലൈബ്രറി, ഓഫീസ് സമുച്ചയങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു. കോളേജിൽ നിയമനം നേടിയ പ്രിൻസിപ്പൽ, പ്രൊഫസർമാർ ഉൾപ്പെടെയുള്ള ജീവനക്കാരേയും സംഘം നേരിൽക്കണ്ട്‌ വിവരങ്ങൾ രേഖപ്പെടുത്തി. 
പരിശോധനാ റിപ്പോർട്ട് ഐഎൻസിക്ക് ഓൺലൈൻവഴി സമർപ്പിച്ചാണ് സംഘം മടങ്ങിയത്. ഓരോ വകുപ്പിലും സജ്ജമാക്കിയ സൗകര്യങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്. ഓഫീസ്, ക്ലാസ് മുറികൾ, ലാബ്, താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാണ്‌. ഐഎൻസിയുടെ അനുമതി ലഭിച്ചാൽ ഈ അധ്യയന വർഷംതന്നെ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കും.  
സംസ്ഥാന–--കേന്ദ്ര അലോട്ട്‌മെന്റ് ആരംഭിക്കുന്നതോടെ ഈമാസം അവസാനത്തോടെ മഞ്ചേരിയിലും വിദ്യാർഥി പ്രവേശനം നൽകാനാകും. ബിഎസ്‌സി നഴ്‌സിങ്ങിൽ സംസ്ഥാന പട്ടികയിൽനിന്ന്  60 പേർക്കാണ്  പ്രവേശനം നൽകുക. വിദ്യാർഥി പ്രവേശനത്തിന് കേരളാ ആരോഗ്യ സർവകലാശാല, കേരളാ നഴ്സിങ് ആൻഡ്‌ മിഡ്‌വൈവ്സ് കൗൺസിൽ എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top