24 October Sunday

മറ്റൊന്നില്ല, കരുത്തുറ്റ ശബ്ദം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

മനു കള്ളിക്കാട്

വണ്ടൂർ
കമ്യൂണിസ്റ്റ് ആശയങ്ങൾക്ക്‌ വേരോട്ടമുള്ള തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ്‌ ജനനം. മലയോര തോട്ടം തൊഴിലാളി മേഖല.  കുട്ടിയായിരിക്കുമ്പോഴേ കമ്യൂണിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടനായി. ദേശാഭിമാനിയായിരുന്നു വഴികാട്ടി. നാട്ടിൽ ഹൈസ്കൂൾ ആരംഭിക്കാൻ സമരം ചെയ്‌ത സഖാക്കളെ പൊലീസ്‌ ജയിലിലടച്ചു.  സമരത്തിന്റെ ചിത്രങ്ങളും വാർത്തകളുമായി വന്ന ദേശാഭിമാനി പത്രം ഇപ്പോഴും ഓർമയിലുണ്ട്‌. ജ്യേഷ്‌ഠന്റെ സുഹൃത്തുക്കളാണ്‌ പത്രം കൊണ്ടുവന്നത്‌. അന്നാണ്‌ ആദ്യമായി ദേശാഭിമാനി കാണുന്നത്.
നവജീവൻ വായനശാലയാണ്‌ വായനയുടെ കേന്ദ്രം. മറ്റു പത്രമാസികകൾക്കൊപ്പം  ദേശാഭിമാനിയുമുണ്ട്. ലൈബ്രേറിയൻ രവിയണ്ണൻ സഖാവാണ്. അന്ന്‌ പലരും ദേശാഭിമാനി വായിക്കുക മാത്രമല്ല, വിവരങ്ങൾ പകർത്തിയെഴുതും. പൊതുയോഗങ്ങളിൽ പ്രസംഗമായും ജാഥകളിൽ മുദ്രാവാക്യങ്ങളായും അവ പുനർജനിക്കും. 
ദേശാഭിമാനി പ്രചാരണത്തിന്‌ ബോർഡ് തയ്യാറാക്കാൻ നാട്ടിലെ സഖാക്കൾ ചുമതലപ്പെടുത്തി. പുതുമയുള്ള ബോർഡ്  വേണമെന്ന് തീരുമാനിച്ചു. വിവിധ സഖാക്കളുടെ വീടുകളിൽനിന്ന് ശേഖരിച്ച ആയിരക്കണക്കിന് ദേശാഭിമാനിയുടെ തലക്കെട്ടുകൾകൊണ്ടാണ്‌ ബോർഡ്‌ തയ്യാറാക്കിയത്‌. കൊളാഷിൽ തീർത്ത ആ ബോർഡാണ്‌ പുറംലോകം കണ്ട എന്റെ ആദ്യ കലാസൃഷ്ടി. ദേശാഭിമാനിയുടെ ഫണ്ട് ശേഖരണത്തിൽ കൊടിയും ബക്കറ്റുമായി ഇറങ്ങിയ ഓർമ ഇന്നുമുണ്ട്‌. തിരുവാലിയിൽ സ്ഥിരതാമസമാക്കിയ 2005 മുതൽ  ദേശാഭിമാനിയുടെ മുടങ്ങാത്ത വരിക്കാരനാണ്. വർത്തമാനകാല ഇന്ത്യയിൽ സാധാരണക്കാരന് വേണ്ടി സംസാരിക്കാൻ ദേശാഭിമാനിയോളം കരുത്തുള്ള മറ്റൊരു പത്രമില്ല. വർത്തമാനപത്രത്തിനപ്പുറം ഒരു സംസ്കാരമാണ്‌ അത്‌. 
(തയ്യാറാക്കിയത്‌ *കെ പി ഭാസ്‌കരൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top