22 October Thursday
ലോഗോ പ്രകാശനംചെയ്‌തു

സത്യം മാറ്റുന്നതിനെതിരെ മലപ്പുറം ഉണരും

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

മായ്ക്കാനാകില്ല മലബാർ സമര ചരിത്രം ജനകീയ കൂട്ടായ്മയുടെ ലോഗോ ഡോ. ഹുസൈൻ രണ്ടത്താണി ഡോ. കെ കെ ദാമോദരന് കൈമാറി പ്രകാശനംചെയ്യുന്നു

 
മലപ്പുറം
മലബാർ സമരത്തെയും രക്തസാക്ഷികളെയും ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽനിന്ന്‌ വെട്ടിമാറ്റുന്നതിനെതിരെയുള്ള പോരാട്ടത്തിന്‌ ചരിത്രഭൂമികയായ മലപ്പുറം ഒരുങ്ങുന്നു. മലബാർ സമരനായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ പട്ടാളം വെടിവച്ചുവീഴ്‌ത്തിയ മലപ്പുറം കോട്ടക്കുന്നിൽ 30ന്‌ വൈകിട്ട്‌ നാലിനാണ്‌ ‘‘മായ്‌ക്കാനാകില്ല മലബാർ സമരചരിത്രം–- ചരിത്രഹത്യക്കെതിരെ ബഹുജന കൂട്ടായ്‌മ’. ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രമാണ്‌ സംഘാടകർ‌. പരിപാടിയുടെ ലോഗോ പ്രകാശനം വളാഞ്ചേരി എംഇഎസ്‌ കോളേജ്‌ മുൻ പ്രിൻസിപ്പലും ചരിത്രകാരനും മാപ്പിളകലാ അക്കാദമി ചെയർമാനുമായ ഡോ. ഹുസൈൻ രണ്ടത്താണി നിർവഹിച്ചു. മലപ്പുറം ഗവ. കോളേജ്‌ പ്രിൻസിപ്പൽ കെ കെ ദാമോദരൻ ഏറ്റുവാങ്ങി. ചരിത്രത്തെ മൂടിവയ്ക്കാൻ ആർക്കും കഴിയില്ലെന്ന്‌ ഹുസൈൻ രണ്ടത്താണി പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽനിന്ന്‌ കമ്യൂണിസ്‌റ്റുകാരെയും ന്യൂനപക്ഷങ്ങളെയും വെട്ടിമാറ്റാനുള്ള സംഘപരിവാറുകാരുടെ മോഹം അസ്ഥാനത്താണ്‌. ചരിത്രഹത്യക്കെതിരെ മലപ്പുറത്തുനിന്ന്‌ ഉയരുന്ന ശബ്ദം രാജ്യമാകെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അധ്യക്ഷനായി. വി പി അനിൽ സ്വാഗതവും എ കെ കൃഷ്‌ണപ്രദീപ്‌ നന്ദിയും പറഞ്ഞു.
 
ഇ മെയിൽ ക്യാമ്പയിന്‌ ഇന്ന്‌ തുടക്കം
മലപ്പുറം
മലബാർ സമര നായകരായ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ആലി മുസ്ലിയാർ തുടങ്ങിയവരെ രക്തസാക്ഷി അമരകോശത്തിൽനിന്ന്‌ ഒഴിവാക്കാനുള്ള നടപടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ ഇ -മെയിൽ സന്ദേശമയക്കൽ ക്യാമ്പയിന് വെള്ളിയാഴ്‌ച തുടക്കമാകും.  സ്വാതന്ത്ര്യ സമര സേനാനിയും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായ കമ്പളത്ത്‌ ഗോവിന്ദൻ നായരുടെ മകൾ പി കെ ബാലാമണിയമ്മ ആദ്യ ഇ മെയിൽ അയക്കും. 
ചരിത്രകാരന്മാർ, ചരിത്ര വിദ്യാർഥികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കവികൾ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ തുടങ്ങി പ്രമുഖർ ക്യാമ്പയിനിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top