മലപ്പുറം
പ്രളയക്കെടുതിയിലായ നാടിന് കൈത്താങ്ങാകാൻ വായിച്ചുതീർന്ന പുസ്തകങ്ങളും പത്രങ്ങളും പഴയ പുസ്തകങ്ങളും ശേഖരിച്ച് ന്യൂസ് പേപ്പർ ചലഞ്ചുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി. ഇവ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങാൻ തുടങ്ങിയതോടെ ലഭിക്കുന്നത് അകമഴിഞ്ഞ പിന്തുണ. 20ന് ആരംഭിച്ച ക്യാമ്പയിൻ 27ന് അവസാനിക്കും.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായവരോട് വീണ്ടും സാമ്പത്തിക സഹായം അഭ്യർഥിക്കുന്നത് ദുരിതമാകുമെന്ന തിരിച്ചറിവിലാണ് ന്യൂസ് പേപ്പർ ചലഞ്ചിന്റെ പിറവി. ജില്ലാ കമ്മിറ്റിക്കുകീഴിലുള്ള 17 ബ്ലോക്ക് കമ്മിറ്റികളിലെ 2099 യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകളിലും സ്ഥാപനങ്ങളിലും വായിച്ചുതീർന്ന പത്രങ്ങൾ തേടിയെത്തുന്നത്. ശേഖരിക്കുന്ന പഴയ പത്രമുൾപ്പെടെയുള്ളവ അതത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേരിച്ച്, ക്യാമ്പയിനുശേഷം വിൽപ്പന നടത്തും. ലഭിക്കുന്ന തുക മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ന്യൂസ് പേപ്പർ ചലഞ്ചിനുപുറമെ പ്രളയബാധിത പ്രദേശങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് യൂത്ത് ബ്രിഗേഡ് അംഗങ്ങളും സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നുണ്ട്. ഇതോടൊപ്പം നിലമ്പൂർ മേഖലയിൽ പ്രളയത്തിൽ മുങ്ങിയ ഇരുചക്രവാഹനങ്ങൾക്കായി സൗജന്യ മെക്കാനിക്ക് ക്യാമ്പുകളും പുരോഗമിക്കുന്നു.
കഴിഞ്ഞ വർഷം പ്രളയകാലത്ത് ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ " കേരളത്തിന്റെ ദുരിതമകറ്റാൻ വായിച്ചുതീർന്ന പത്രങ്ങളും' ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. 2,52,000 രൂപയാണ് അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..