24 October Thursday

ചുരുളഴിയുന്നത് സ്വർണ കള്ളക്കടത്ത് കഥകൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 കൊണ്ടോട്ടി 

യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ ക്വട്ടേഷൻ സംഘം പൊലീസ്‌ പിടിയിലായതോടെ ചുരുളഴിയുന്നത്‌ സ്വർണ കടത്ത്‌ ലോബിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. 
കഴിഞ്ഞ നാലിന്‌ യാത്രക്കാരനെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നത് സംബന്ധിച്ച് മലപ്പുറം പൊലീസ് മേധാവിക്ക് പരാതി ലഭിച്ചതോടെ സംഭവങ്ങൾ പുറത്ത്‌ വരുന്നത്‌. മൂന്ന്‌ പ്രതികൾ പിടിയിലായതോടെ കള്ളക്കടത്ത് മാഫിയാ സംഘത്തിന്റെ വിവരങ്ങളും പൊലീസിന്‌ ലഭിച്ചു.
ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിച്ചുവച്ച്‌ പ്രത്യേക മാർ​ഗത്തിലൂടെയാണ് സ്വർണം കടത്തുന്നത്. സ്ക്രീനിങ് പരിശോധനയിൽപോലും ഇത് കണ്ടെത്താനാവില്ല. 800 ഗ്രാം സ്വർണമാണ് കഴിഞ്ഞ നാലിന് കരിപ്പൂരിലെത്തിയ പരാതിക്കാരൻ കൊണ്ടുവന്നത്. മൂന്ന് പീസ് ഗുളികകളായിരുന്നു ഇത്. യഥാർഥ എജൻസികൾ സ്വർണം ഏറ്റുവാങ്ങുന്നതിന് മുമ്പ്‌ എത്തിയ ക്വട്ടേഷൻ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി. 
ഐക്കരപടി പെട്രോൾ പമ്പിൽ നിർത്തി ശരീരത്തിൽ ഒളിപ്പിച്ച സ്വർണം കൈയിലാക്കി. സ്വർണം കൊണ്ടുവന്ന യുവാവിന് 3000 രൂപ നൽകി. 15,000 രൂപയാണ് എനിക്ക് വാഗ്ദാനം നൽകിയ തുകയെന്ന് യുവാവ് പറഞ്ഞതോടെ മൊബൈൽ സിം കൈക്കലാക്കിയശേഷം കടവ് റിസോട്ടിന് സമീപം പാലത്തിൽ ഇറക്കിവിട്ടു. 
സ്വർണം കിട്ടാതായതോടെ ദിവസങ്ങൾക്കുശേഷം യഥാർഥ ഏജന്റിന്റെ ക്വട്ടേഷൻ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top