24 October Thursday

യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
കൊണ്ടോട്ടി
യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന  കേസിൽ ക്വട്ടേഷൻ സംഘം പിടിയിൽ. വയനാട് മീനങ്ങാടി കരണി പടിക്കൽ അസ്കറലി (24), മീനങ്ങാടി പുള്ളാർ കുടിയിൽ പ്രവീൺ (24), മീനങ്ങാടി കരണി തെക്കേയിൽ ഹർഷാൽ (25) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് മീനങ്ങാടിയിൽ അറസ്റ്റ് ചെയ്തത്. 
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു.  
കഴിഞ്ഞ നാലിന് ഷാർജയിൽനിന്ന് കരിപ്പൂരിൽ എത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ എയർപോർട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ചചെയ്യുകയായിരുന്നു. ശേഷം രാമനാട്ടുകര കടവ് റിസോട്ടിനുസമീപം അറപ്പുഴ പാലത്തിൽ ഇറക്കിവിട്ടു. ഫോണിലെ സിം കാർഡ്‌ ബലമായി പിടിച്ചെടുത്തു. 
കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ മാഫിയക്കുവേണ്ടി സ്വർണം കടത്തുന്നതിന് കാരിയറായി പോയ പരാതിക്കാരൻ കഴിഞ്ഞ നാലിന്‌ സ്വർണവുമായി കരിപ്പൂർ എയർപോർട്ടിൽ എത്തിയ സമയത്താണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.  
സ്വർണം കവർച്ചചെയ്ത സംഘം വഴിയിൽ ഉപേക്ഷിച്ചതിനുശേഷം കൊടുവള്ളിയിലെ മാഫിയസംഘം ഇയാളെ തമിഴ്നാട്ടിലേയും കർണാടകയിലേയും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചു. ഒരാഴ്ച കഴിഞ്ഞാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. 
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. കൊണ്ടോട്ടി സിഐ എൻ പി ഷൈജുവിന്റെ നേതൃത്വത്തിൽ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി സഞ്ജീവ് എന്നിവരും എഎസ്ഐ ശ്രീരാമൻ, രാജേഷ്, മഹമ്മദ് ജലാൽ എന്നിവരും അടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.
പ്രധാന വാർത്തകൾ
 Top