17 September Tuesday

പ്രളയബാധിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പരസ്യപ്പെടുത്തണം: -മന്ത്രി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
മലപ്പുറം
പ്രളയബാധിതർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പരസ്യപ്പെടുത്തണമെന്ന്  മന്ത്രി  കെ ടി ജലീൽ പറഞ്ഞു. പ്രളയ പുനരധിവാസവും മഴക്കെടുതികളും സംബന്ധിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. ആർക്കൊക്കെ ഏതൊക്കെ രീതിയിൽ ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന വിവരങ്ങൾ പത്ര മാധ്യങ്ങൾക്കുൾപ്പെടെ ലഭ്യമാക്കണമെന്നാണ് നിർദേശം. 
അനർഹർ ആലുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയാനും ഇതുപകരിക്കും. 
നിലമ്പൂരിലുണ്ടായ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച 15 മത്സ്യബന്ധന ബോട്ടുകൾക്കും 12 എൻജിനുകൾക്കുമുള്ള നാല് ലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരം എത്രയും വേഗത്തിൽ ലഭ്യമാക്കും. 
 ജില്ലയിൽ 15 വിദ്യാർഥികളാണ് മരിച്ചത്. ഇവർക്ക് ഇൻഷുറൻസ് അടക്കം ആനുകൂല്യങ്ങൾ സർക്കാരിൽനിന്ന് ലഭിക്കും.  മരിച്ചവർക്കുള്ള ആനുകൂല്യം രണ്ടാഴ്ചക്കകം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്‐ മന്ത്രി പറഞ്ഞു. 
പ്രളയം കൂടുതൽ നാശംവിതച്ച ഭാഗങ്ങളിൽ ആറുമാസത്തേക്കെങ്കിലും കൗൺസിലർമാരുടെ സേവനം ലഭ്യമാക്കണമെന്നുംനിർദേശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top