21 August Wednesday

തീരമേഖല: കോൺഗ്രസ് സമരം അപഹാസ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
പൊന്നാനി
ചില നേതാക്കൻമാരുടെ പാർലമെന്ററി വ്യാമോഹത്തിനുവേണ്ടി കടലോര വാസികളെ ബലിയാടാക്കുകയാണ് കോൺഗ്രസ് നേതൃത്വംചെയ്യുന്നതെന്ന് സിപിഐ എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കടൽഭിത്തി നിർമാണത്തിന്റെ പേരിൽ കോൺഗ്രസ് തിരുവനന്തപുരത്തും പൊന്നാനിയിലും നടത്തിയ സമരം അപഹാസ്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി  സ്നേഹംനടിക്കുകയും ആവശ്യം കഴിഞ്ഞാൽ തീരമേഖലയോട് പുറംതിരിഞ്ഞ് നിൽക്കുകയുംചെയ്യുന്ന സമീപനമാണ് എന്നും യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.  കടൽക്ഷോഭത്തിന്റെ ദുരിതംപേറുന്ന തീരത്തിന് എന്നും കൈത്താങ്ങായത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. 
2011 മുതൽ പൊന്നാനി അസംബ്ലി മണ്ഡലത്തിൽ 18 കോടി രൂപയുടെ കടൽഭിത്തിയാണ് നിർമിച്ചത്. 14 കോടിയും ഇടതുപക്ഷ ഭരണത്തിലാണ് നൽകിയത്. കടൽക്ഷോഭത്തെ തുടർന്ന് അടിയന്തര സഹായമായി പൊന്നാനിക്ക് നൽകിയത് 7.61 കോടിയാണ്. മൈലാഞ്ചിക്കാട് മുറിഞ്ഞഴി, കാപ്പിരിക്കാട് എന്നിവിടങ്ങളിൽ കടൽഭിത്തിക്ക് പകരം നിർമിക്കുന്ന ജിയോ ട്യൂബ് പദ്ധതിക്കായി 2.81 കോടിയും നൽകി. പൊന്നാനി ലൈറ്റ് ഹൗസ് സമീപത്ത് 70 ലക്ഷം ചെലവിൽ കടൽഭിത്തി നിർമാണം ആരംഭിച്ചു. ഫിഷറീസ് വകുപ്പ് വഴി 1252 വീടുകളാണ് മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ളത്. കൂടാതെ 150 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ഹാർബറിൽ നിർമിക്കുന്ന മുട്ടത്തറ മോഡൽ ഭവനസമുച്ചയം ഒരുവർഷത്തിനകം പൂർത്തിയാവും. ഫിഷർമെൻ കോളനി സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് നവീകരിക്കുകയാണ്. 10 വർഷമായി പൊന്നാനി എംപി ഒരു രൂപപോലും പൊന്നാനിയുടെ തീരത്തിന് നൽകാത്തത് യുഡിഎഫിന്റെ അവഗണനയുടെ ഭാഗമാണ്. സിപിഐ എമ്മിന്റെയും  ഇടതുപക്ഷ ഗവൺമെന്റിന്റെയും ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. കോൺഗ്രസും യുഡിഎഫും അഴിമതിയുടെ പേരിൽ ചോദ്യംചെയ്യപ്പെടുമ്പോൾ വിഷയം മാറ്റിയെടുക്കാനാണ് സമരാഭാസവുമായി കോൺ​ഗ്രസ് രംഗത്തിറങ്ങിയിട്ടുള്ളതെന്ന‌്  സിപിഐ എം ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീൻ, നഗരസഭാ ചെയർമാൻ സി പി മുഹമ്മദ്കുഞ്ഞി, ഇ ജി നരേന്ദ്രൻ, ടി ദാമോദരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top