18 July Thursday

പച്ചക്കറികൃഷി വികസനത്തിന‌് ഒരുകോടി കൂടി

പി വിജയൻUpdated: Tuesday Jun 25, 2019
മലപ്പുറം
പച്ചക്കറികൃഷി പ്രോത്സാഹനത്തിന‌് ജില്ലയ‌്ക്ക‌് ഒരുകോടി രൂപകൂടി അനുവദിച്ചു.  നേരത്തെ മൂന്നര കോടി രൂപ അനുവദിച്ചിരുന്നു. പച്ചക്കറിയിൽ സ്വയംപര്യാപ‌്തത കൈവരിക്കാൻ വിവിധ പദ്ധതികൾക്ക‌് ഇതോടെ തുടക്കമാകും. ഓരോ വീട്ടുവളപ്പിലും പച്ചക്കറിത്തോട്ടം തുടങ്ങി വിഷാംശമില്ലാത്ത പച്ചക്കറി ഉൽപ്പാദിപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണിത‌്.
മൂവായിരം കർഷകർക്ക‌് 25 ഗ്രോബാഗ‌് വീതം നൽകുന്ന പദ്ധതിയാണ‌് പ്രധാനം. വീട്ടുവളപ്പിലോ ടെറസിലോ കൃഷി തുടങ്ങാം.  75,000 ഗ്രോ ബാഗുകളാണ‌് ഇതുവഴി കൃഷിഭവൻ മുഖേന നൽകുക.  മൂന്നിനം പച്ചക്കറിത്തൈകൾ ഗ്രോ ബാഗിലുണ്ടാകും. മുളക‌്, വഴുതന, തക്കാളി, കാബേജ‌്, കോളിഫ്ലവർ തുടങ്ങി ഏതെങ്കിലും മൂന്ന‌് പച്ചക്കറിത്തൈകളാണ‌് നൽകുക. 2000 രൂപ വിലവരുന്ന 25 ഗ്രോബാഗുകൾക്ക‌് 500 രൂപ മാത്രം കർഷകർ നൽകിയാൽമതി. 
1500 രൂപ സബ‌്സിഡിയാണ‌്. പദ്ധതിയിൽ കഴിഞ്ഞവർഷം ഗ്രോ ബാഗ‌് നൽകിയവർക്ക‌് 200 രൂപവീതവും നൽകും. വളം വാങ്ങാനും പച്ചക്കറിത്തൈകൾ ഒരുക്കാനുമുള്ള ചെലവായാണ‌് ഈ തുക.
കമ്പോസ‌്റ്റ‌് കുഴിയെടുക്കാൻ 250 കർഷകർക്ക‌് സഹായം നൽകുന്ന പദ്ധതിക്കും തുകയുണ്ട‌്. കമ്പോസ‌്റ്റ‌് ഒരുക്കാൻ 5000 രൂപ ചെലവാകുമെന്നാണ‌് കണക്ക‌്. ഇതിൽ 2500 രൂപ സർക്കാർ സബ‌്സിഡിയായി നൽകും.  
  പച്ചക്കറി കൃഷിക്ക‌് തിരിനന പദ്ധതി പ്രകാരം ജലസേചനത്തിന‌് 150 യൂണിറ്റുകൾക്ക‌് സഹായം നൽകും. 50 ഗ്രോ ബാഗുകൾ നനയ‌്ക്കാനുതകുന്ന തിരിനന പദ്ധതിക്ക‌് 2000 രൂപയാണ‌് സബ‌്സിഡി. 4000 രൂപ ഇതിന‌് ചെലവാകുമ്പോൾ പകുതി തുക സർക്കാർ സഹായം നൽകുന്നത‌് കർഷകർക്ക‌് ആശ്വാസമാകും.
ജില്ലയിൽ നാല‌് ഹരിത ഗ്രൂപ്പുകൾ രൂപീകരിച്ച‌് പച്ചക്കറി സമൃദ്ധമാക്കാൻ രണ്ടുലക്ഷം രൂപ വകയിരുത്തി. ഓരോ ഹരിത ഗ്രൂപ്പിനും 50,000 രൂപവീതമാണ‌് നൽകുക. നഗരപ്രദേശം കേന്ദ്രീകരിച്ചാണ‌് ഹരിത ഗ്രൂപ്പ‌്. റെസിഡ​ന്റ്സ‌് അസോസിയേഷനുകൾക്കും ഗ്രൂപ്പ‌് രൂപീകരിക്കാം.
രണ്ടുവർഷമായി നല്ല രീതിയിൽ കൃഷി നടത്തുന്ന എ ഗ്രേഡ‌് ക്ലസ‌്റ്ററുകൾക്ക‌് 6.3 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതി ശ്രദ്ധേയമാണ‌്. ജില്ലയിൽ നാല‌് ക്ലസ‌്റ്റുകൾക്ക‌് തുക ലഭിക്കും. ക്ലസ‌്റ്ററുകളെ ഉടൻ തെരഞ്ഞെടുക്കും. ഇരുപത്തഞ്ചോളം പേർ ചേർന്നതാണ‌് ഒരു ക്ലസ‌്റ്റർ. 12.5 ഏക്കർ വരെയുള്ള ഭൂമിയിൽ മികച്ചരീതിയിൽ കൃഷി നടത്തുന്ന ക്ലസ‌്റ്ററുകൾക്കാണ‌് സഹായം.
  കൃഷിക്കാവശ്യമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ 10 ലക്ഷം രൂപവീതം നൽകും. ബ്ലോക്ക‌് ലെവൽ ഫെഡറേഷനാണ‌് (ബിഎൽഎഫ‌്) തുക നൽകുക. വളാഞ്ചേരി, വേങ്ങര, അങ്ങാടിപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ ബിഎൽഎഫുകൾക്ക‌് ഈവർഷം സഹായം നൽകും. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പ്രോജക്ടുകൾ നൽകുന്ന മുറയ‌്ക്ക‌് തുക അനുവദിക്കും.
ഇതിനുപുറമെ 14 ലക്ഷം പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണംചെയ്യുന്ന പദ്ധതിക്കും തുടക്കമായി. വിവിധ കൃഷിഭവനുകൾ മുഖേനയാണ‌് വിതരണം.
പ്രധാന വാർത്തകൾ
 Top